കാസര്‍കോട്: കുടുംബശ്രീ വായ്പയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ വൊര്‍ക്കാടി പഞ്ചായത്ത് സി ഡി എസ് ഓഫീസില്‍ സി ഡി എസ് ചെയര്‍പേഴ്‌സണും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും തമ്മില്‍ തെറിവിളിയും കൊലവിളിയും. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വൊര്‍ക്കാടി ഗ്രാമപഞ്ചായത്ത് സി ഡി എസ് ഓഫീസില്‍ കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.
സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വിജയ ലക്ഷ്മിയുടെ പരാതി പ്രകാരം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പാവൂരിലെ രാജ്കുമാര്‍ഷെട്ടി, രക്ഷണ്‍ അടക്കള, ഭാസ്‌ക്കര പൊയ്യ, യതിരാജ്, മണികണ്ഠന്‍, ഉദയന്‍ എന്നിവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജ്കുമാര്‍ ഷെട്ടിയുടെ പരാതിപ്രകാരം സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വിജയ ലക്ഷ്മി, ഓഫീസ് അക്കൗണ്ടന്റ് ഉദയകുമാര്‍, ജീവനക്കാരായ പ്രഭാവതി, സവിത, നിക്ഷിത എന്നിവര്‍ക്കെതിരെയും കേസെടുത്തു.
