കാസര്‍കോട്: തൃക്കരിപ്പൂരില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍, ആയിറ്റിയിലെ ജാഫര്‍ ഖാന്‍, ആയിറ്റി ഹൗസിലെ മുനീറുദ്ദീന്‍ എന്നിവരെയാണ് ചന്തേര എസ് ഐ വി ജിയോസദാനന്ദന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
വെള്ളിയാഴ്ച വൈകുന്നേരം തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്കിലാണ് സംഭവം. ബാങ്കിന്റെ ഇടപാട് സമയം അവസാനിപ്പിക്കുന്നതിനു തൊട്ടുമുമ്പ് എത്തിയ പ്രതികള്‍ 24.900ഗ്രാം തൂക്കമുള്ള മുക്കുപണ്ടം പണയപ്പെടുത്താനാണ് ശ്രമിച്ചത്.
ബാങ്ക് എം ഡി നോര്‍ത്ത് തൃക്കരിപ്പൂര്‍, കൊയോങ്കരയിലെ ചെറിയാക്കര വീട്ടില്‍ സി സേതുമാധവന്റെ പരാതിപ്രകാരമാണ് കേസെടുത്തത്.
അറസ്റ്റിലായ പ്രതികള്‍ക്ക് മറ്റേതെങ്കിലും തട്ടിപ്പു സംഭവങ്ങളില്‍ ബന്ധമുണ്ടോയെന്നു അന്വേഷിച്ചു വരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
