കോതമംഗലം: മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ പെണ്‍സുഹൃത്ത് അഥീന(30) ശ്രമിച്ചെന്ന് വ്യക്തമായതായി പൊലീസ്. കാമുകനെ ഒഴിവാക്കാന്‍ അഥീന സ്വീകരിച്ചത് ‘ഗ്രീഷ്മ’യുടെ തന്ത്രം. ഗ്രീഷ്മ പ്രയോഗിച്ച വഴിയും അതിന് തിരഞ്ഞെടുത്ത കീടനാശിനിയായ പാരക്വിറ്റിനെക്കുറിച്ചും അഥീന മനസിലാക്കിയത് മാധ്യമങ്ങളിലൂടെയാണ്. കീടനാശിനി ശരീരത്തിനുളളില്‍ എത്തപ്പെട്ടാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരവ് ഉണ്ടാകില്ലെന്നും അഥീന മനസിലാക്കിയിരുന്നു. വ്യക്തമായ പ്ലാനിംഗോടെ അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ശീതളപാനീയത്തില്‍ കളനാശിനി ചേര്‍ത്ത് നല്‍കുകയായിരുന്നു.
കോളേജ് പഠനകാലത്തുതന്നെ പ്രണയം ഹോബിയാക്കിയ അഥീനയ്ക്ക് നിരവധി യുവാക്കളുമായി അടുപ്പമുണ്ടായിരുന്നു എന്നാണ് ബന്ധുക്കളില്‍ ചിലര്‍ പറയുന്നത്. മറ്റൊരു പ്രണയമുണ്ടെന്ന് അന്‍സില്‍ തിരിച്ചറിഞ്ഞതു പകയായി. സാമ്പത്തിക തര്‍ക്കങ്ങളും പുതിയ കാമുകനെ കിട്ടിയതുമാണ് അന്‍സിലിനെ ഇല്ലാതാക്കാന്‍ അഥീന തീരുമാനിച്ചതിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചനകള്‍. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ വച്ചു അഥീനയാണു വിഷം നല്‍കിയതെന്നു അന്‍സില്‍ പൊലീസിനോടും ബന്ധുവിനോടും പറഞ്ഞതോടെയാണ് സംഭവം കൊലയെന്ന സൂചന ലഭിച്ചത്. കൂടാതെ അന്‍സിലിന്റെ മാതാവിനെ അഥീന വിഡിയോ കോളില്‍ ബന്ധപ്പെട്ടിരുന്നു. വിഡിയോ കോളില്‍, ‘വിഷം കഴിച്ച് കിടന്നിട്ടുണ്ട്..എടുത്തോണ്ട് പോയ്‌കോ’ എന്ന യുവതിയുടെ ഭീഷണിയും തെളിവായി.
അഥീനയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനി ലഭിച്ചിരുന്നു. അന്‍സിലിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.
