കാസര്‍കോട്: നീലേശ്വരത്ത് ഫയര്‍സ്റ്റേഷന്‍ ആരംഭിക്കാന്‍ തടസമായി നില്‍ക്കുന്നത് സ്ഥലം ലഭിക്കാത്തതിനാലാണെന്ന് ഫയര്‍ ആന്റ് റെസ്‌ക്യു വകുപ്പ് അധികൃതര്‍ പറയുന്നു. പത്ത് കിലോമീറ്ററിനകത്ത് ഫയര്‍സ്റ്റേഷന്‍ വേണമെന്നതാണ് വകുപ്പിന്റെ നിലപാടെന്നും പ്രപ്പോസല്‍ ലഭിച്ച ഇടങ്ങളില്‍ പോലും ആവശ്യമായ സ്ഥലസൗകര്യം ലഭിക്കാത്തതാണ് ഫയര്‍സ്റ്റേഷന്‍ ആരംഭിക്കാന്‍ സാധിക്കാത്തതാണെന്നുമാണ് വകുപ്പ് പറയുന്നത്. വേനല്‍കാലമാകുമ്പോള്‍ വലിയ തോതില്‍ തീപ്പിടിത്തമുണ്ടാകുന്നത് നീലേശ്വരത്തും പരിസരത്തും പതിവാണ്. കഴിഞ്ഞ വര്‍ഷം ക്ഷേത്രോല്‍സവത്തിനിടയിലുണ്ടായ വെടിക്കെട്ടപകട സമയത്ത് ഫയര്‍ യൂണിറ്റുകള്‍ക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയാത്തതും ഫയര്‍സ്റ്റേഷന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയിരുന്നു. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിന്റെ ഒരു ഭാഗം, മടിക്കൈ പഞ്ചായത്ത്, കാഞ്ഞങ്ങാട് നഗരസഭയില്‍പ്പെട്ട പ്രദേശങ്ങള്‍ക്കും നീലേശ്വരത്ത് ഫയര്‍സ്റ്റേഷന്‍ അനുവദിച്ചാല്‍ സൗകര്യപ്പെടും. നീലേശ്വരം നഗരസഭ ഭരണ സമിതിയും ഈ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാമെന്നും അറിയിച്ചിരുന്നു. പല സംഘടനകളും ഈ ആവശ്യം ഉയര്‍ത്തിയിരുന്നു. ഇത് സംബന്ധിച്ച് കേരള കോണ്‍ഗ്രസ് ബി ജില്ലാ ജനറല്‍ സെക്രട്ടറി സുരേഷ് പുതിയേടത്ത് ഹൊസ്ദുര്‍ഗ് താലൂക്ക് വികസന സമിതിയില്‍ ചോദ്യമുന്നയിച്ചതിന് മറുപടിയായാണ് സ്ഥലം ലഭിക്കാത്തതാണ് ഫയര്‍സ്റ്റേഷന്‍ അനുവദിക്കുന്നതിന് തടസമെന്ന മറുപടി ലഭിച്ചത്.
നീലേശ്വരത്തിന് അര്‍ഹതപ്പെട്ട ഫയര്‍സ്റ്റേഷന്‍ ആരുടെ ഉദാസീനത കൊണ്ടാണ് ആരംഭിക്കാന്‍ കഴിയാത്തത് എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
