കാസര്‍കോട്: ട്രെയിനില്‍ അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഒരു വിദ്യാര്‍ഥിയെ റെയില്‍വേ പൊലീസ് അറസ്റ്റുചെയ്തു. പാലക്കുന്ന് സ്വദേശി തിരുവക്കോളി ഹൗസിലെ പിഎ മുഹമ്മദ് ജസീ(20)മിനെയാണ് അറസ്റ്റുചെയ്തത്. മംഗളൂരു ശ്രീനിവാസ കോളേജിലെ മൂന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ് പ്രതി. എസ്എച്ച്ഒ എം റജികുമാറിന്റെ നിര്‍ദേശത്തില്‍ എസ്‌ഐ എംവി പ്രകാശനും സംഘവുമാണ് വിദ്യാര്‍ഥിയെ അറസ്റ്റുചെയ്തത്. കേസില്‍ പ്രതികളായ മറ്റു വിദ്യാര്‍ഥികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് പാസഞ്ചര്‍ ട്രെയിനില്‍ അക്രമം നടന്നത്. കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം താമസിക്കുന്ന മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ അധ്യാപകനായ കെ സജനാ(48)ണ് വിദ്യാര്‍ഥികളുടെ അക്രമത്തിനിരയായത്. മഞ്ചേശ്വരത്തുനിന്നും പാസഞ്ചര്‍ ട്രെയിനില്‍ കാഞ്ഞങ്ങാട്ടേയ്ക്ക് വരികയായിരുന്നു സജന്‍. ട്രെയിന്‍ കാഞ്ഞങ്ങാട് എത്താറായപ്പോള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ദേഹത്ത് സ്പര്‍ശിച്ചതിനെ ചോദ്യം ചെയ്ത വിരോധത്തില്‍ ഒരു വിദ്യാര്‍ഥി അധ്യാപകന്റെ മുഖത്തടിക്കുകയായിരുന്നു. ഇടിയില്‍ കണ്ണിന് താഴെ പരിക്കേറ്റെന്ന് പരാതിയില്‍ പറയുന്നു. മറ്റൊരു വിദ്യാര്‍ഥി എത്തി അധ്യാപകന്റെ കൈവിരലുകള്‍ പിടിച്ചു തിരിക്കുകയും കഴുത്തിന് പിടിച്ച് നിര്‍ത്തുകയും ചെയ്തതായും പരാതിയുണ്ടായിരുന്നു.
ട്രെയിനില്‍ നിന്ന് ലഭിച്ച ഒരു വിദ്യാര്‍ഥിയുടെ ഐഡി കാര്‍ഡില്‍ നിന്ന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. ട്രെയിനില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ബി.വി വിജയ് ഭരത് റഡ്ഡി പ്രശ്‌നത്തില്‍ ഇടപെട്ടു. എസ്പിയുടെ ചേമ്പറില്‍ വ്യാഴാഴ്ച വൈകീട്ട് നടന്ന യോഗത്തില്‍ റെയില്‍വേ പൊലീസ്, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. അക്രമമുണ്ടാക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് ചീഫ് നിര്‍ദേശം നല്‍കി.
