ആലപ്പുഴയില്‍ അഞ്ചിടങ്ങളില്‍ സ്റ്റോപ്പ്; ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് നീലേശ്വരത്ത് സ്റ്റോപ്പില്ല

നീലേശ്വരം: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മംഗളൂരു ജംങ്ഷന്‍ -തിരുവനന്തപുരം നോര്‍ത്ത് റൂട്ടില്‍ ദ്വൈവാര സ്പെഷ്യലും, മംഗളൂരു ജംങ്ഷന്‍- കൊല്ലം റൂട്ടില്‍ വീക്കിലി എക്‌സ്പ്രസും അനുവദിച്ചപ്പോള്‍ മലബാറിലെ പ്രധാന സ്റ്റേഷനായ നീലേശ്വരത്തെ തഴഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ചരിത്രം രേഖപ്പെടുത്തിയ നീലേശ്വരം സ്റ്റേഷനില്‍ മാത്രമാണ് രണ്ട് വണ്ടികള്‍ക്കും സ്റ്റോപ്പ് അനുവദിക്കാത്തത്. മംഗളൂരു ജംങ്ഷന്‍- തിരുവനന്തപുരം ദ്വൈവാര സ്പെഷ്യല്‍ (06041) 21 മുതല്‍ 13 വരെയുള്ള വ്യാഴം, ശനി ദിവസങ്ങളില്‍ സര്‍വീസ് നടത്തുമ്പോള്‍ തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു ജംങ്ഷന്‍ ദ്വൈവാര സ്പെഷ്യല്‍ എക്സ്പ്രസ് (06042) 22 മുതല്‍ സെപ്തംബര്‍ 14 വരെയുള്ള വെള്ളി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 06047 മംഗളൂരു ജംങ്ഷന്‍ കൊല്ലം വീക്ക്ലി എക്‌സ്പ്രസ് സ്പെഷ്യല്‍ ഓഗസ്റ്റ് 25, സെപ്റ്റംബര്‍ 01, 08 തീയതികളില്‍ തിങ്കളാഴ്ചകളില്‍ രാത്രി 11.15 ന് മംഗളൂരു ജംങ്ഷനില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.20 ന് കൊല്ലത്ത് എത്തിച്ചേരും (3 സര്‍വീസുകള്‍). ട്രെയിന്‍ നമ്പര്‍ 06048 കൊല്ലം – മംഗളൂരു ജംങ്ഷന്‍ വീക്ക്ലി എക്‌സ്പ്രസ് സ്പെഷ്യല്‍ ഓഗസ്റ്റ് 26, സെപ്റ്റംബര്‍ 02, 09 തീയതികളില്‍ ബുധനാഴ്ചകളില്‍ വൈകുന്നേരം 5.10 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 05.30 ന് മംഗളൂരു ജംങ്ഷനില്‍ എത്തിച്ചേരും (3 സര്‍വീസുകള്‍). കാഞ്ഞങ്ങാട് നഗരസഭയിലെ ജനങ്ങള്‍ ഭാഗീകമായും നീലേശ്വരം നഗരസഭയിലെ ജനങ്ങള്‍ പൂര്‍ണമായും ആശ്രയിക്കുന്നത് നീലേശ്വരം റെയില്‍വേ സ്റ്റേഷനെയാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ ആശ്രയിക്കുന്ന റെയില്‍വേ സ്റ്റേഷനോടാണ് ഈ അവഗണന. ചെറുവത്തുര്‍, വലിയപറമ്പ, കയ്യൂര്‍- ചീമേനി, കിനാനൂര്‍- കരിന്തളം, മടിക്കൈ, കോടോം-ബേളൂര്‍, വെസ്റ്റ് -എളേരി, ഈസ്റ്റ് -എളേരി, ബളാല്‍, തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏക ആശ്രയമാണ് നീലേശ്വരം സ്റ്റേഷന്‍. മലയോര ഭാഗത്തുള്ള നൂറ് കണക്കിന് ആളുകള്‍ തെക്കന്‍ ജില്ലകളില്‍ ജോലി ചെയ്യുന്നുണ്ട്.
ഉത്സവ ട്രെയിനുകള്‍ക്കും പ്രതിവാര ട്രെയിനുകള്‍ക്കും നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യം ശക്തമാകുമ്പോഴാണ് വീണ്ടും അവഗണന തുടരുന്നത്. ഇതിനെതിരെ ശക്തമായി രംഗത്ത് വരേണ്ട രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ഉറക്കത്തിലാണ്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ വാര്‍ഷിക വരുമാനം 18 കോടി രൂപയാണെങ്കിലും അവിടെ ഇറങ്ങുന്ന യാത്രക്കാരില്‍ പകുതിയിലധികം പേരും നീലേശ്വരത്തും പരിസരത്തുനിന്നുള്ളവരാണ്. നീലേശ്വരം സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്കു സ്റ്റോപ്പ് അനുവദിച്ചാല്‍ സാമ്പത്തിക ലാഭത്തിന് പുറമെ യാത്ര സമയവും കുറഞ്ഞു കിട്ടും. നീലേശ്വരം റെയില്‍വേ സ്റ്റേഷന് വേണ്ടി ജനപ്രതിനിധികള്‍ ശക്തമായി രംഗത്തിറങ്ങണമെന്നാണ് യാത്രക്കാര്‍ പറയുന്നത്. മംഗളൂരു ജംങ്ഷന്‍ -തിരുവനന്തപുരം നോര്‍ത്ത് ദ്വൈവാര സ്പെഷ്യല്‍ ട്രെയിനുകള്‍ക്കു ആലപ്പുഴ ജില്ലയില്‍ അഞ്ചിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചത്. ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന നീലേശ്വരം സ്റ്റേഷനെ അവഗണിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page