കാസര്‍കോട്: 1200 കോടി രൂപയുടെ മോറിസ് കോയിന്‍ തട്ടിപ്പുകേസില്‍ കാസര്‍കോട് എടനാട്ടെ കെ എം അബ്ദുല്‍ കലാമിനെ (47) അറസ്റ്റു ചെയ്തു. കേസിലെ 13-ാം പ്രതിയാണ് അറസ്റ്റിലായ അബ്ദുല്‍കലാം. ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം വി മണികണ്ഠനാണ് ഇയാളെ അറസ്റ്റു ചെയ്തത്.
മോറിസ് കോയിനു 90കോടിയോളം രൂപ വിവിധ സ്ഥലങ്ങളിലെ നിരവധി പേരില്‍ നിന്നായി ഇയാള്‍ ശേഖരിച്ചു കേസിലെ ഒന്നാം പ്രതിയായ നിഷാദിന്റെ ബാങ്ക് അക്കൗണ്ടിലേക്കു അയച്ചുകൊടുത്തതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. മോറിസ് കോയിന്‍ എന്നപേരില്‍ 2020ല്‍ പൂക്കോട്ടും പാടത്താണ് ക്രിപ്‌ടോ കറന്‍സി നിക്ഷേപ തട്ടിപ്പ് അരങ്ങേറിയത്. 2021ല്‍ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിരുന്നു. ഒന്നാംപ്രതി നിഷാദ് വിദേശത്താണ്. കേസിലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്. വസ്തുക്കളും വാഹനങ്ങളുമുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുമുണ്ട്. സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരെ തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്.
