കാസര്‍കോട്: ശക്തമായ കാലവര്‍ഷവും, കടലേറ്റവും, ട്രോളിംഗ് നിരോധനവുമായി മത്സ്യങ്ങളുടെ വരവ് നിലച്ച മാര്‍ക്കറ്റുകളില്‍ യഥേഷ്ടം മത്സ്യങ്ങള്‍ എത്തിത്തുടങ്ങി. മീന്‍ ഭക്ഷണ പ്രേമികള്‍ക്ക് ആശ്വാസമായി. ഇന്ന് ട്രോളിംഗ് നിരോധനം കൂടി അവസാനിക്കുന്നതോടെ കൂടുതല്‍ മത്സ്യങ്ങള്‍ വിപണിയില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് മത്സ്യ വില്‍പന തൊഴിലാളികളും, ഉപഭോക്താക്കളും.
കഴിഞ്ഞ നാല് ദിവസങ്ങളിലായി മാര്‍ക്കറ്റുകളില്‍ ചെമ്മീന്റെ വലിയ തോതിലുള്ള വരവ് അറിയിച്ചിട്ടുണ്ട്. മീഡിയം സൈസിലുള്ള ചെമ്മീന് കിലോയ്ക്ക് 200 രൂപയാണ് വില. ഇത് ഗ്രാമപ്രദേശങ്ങളിലെത്തുമ്പോള്‍ 220 മുതല്‍ 250 രൂപ വരെ ഈടാക്കുന്നുണ്ട്. വലിയ ചെമ്മീന് 400 രൂപ മുതല്‍ 500 രൂപ വരെ വിലയുണ്ട്.
നല്ലയിനം ചെമ്മീന്‍ കലര്‍ന്ന പൊടിമീനുകളും മാര്‍ക്കറ്റുകളില്‍ എത്തിത്തുടങ്ങിയതോടെ മത്തിയുടെയും, അയലയുടെയും ഡിമാന്‍ഡ് കുറഞ്ഞു. ഫ്രഷായി ലഭിക്കുന്ന മീനുകളോടാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് താല്‍പര്യം. കടലിളക്കം ജില്ലയില്‍ പലഭാഗങ്ങളിലും ഉണ്ടെങ്കിലും നേരിയ കുറവുള്ളപ്പോഴാണ് വള്ളങ്ങള്‍ കടലില്‍ ഇറക്കുന്നത്. ഇവര്‍ക്ക് ലഭിക്കുന്ന മീനാണ് ഇപ്പോള്‍ മത്സ്യമാര്‍ക്ക റ്റുകളില്‍ എത്തുന്നതും. മംഗളൂരു, മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖങ്ങളില്‍ നിന്നും ഇത്തരത്തില്‍ വള്ളങ്ങളില്‍ പിടിക്കുന്ന മത്സ്യങ്ങള്‍ വിപണിയില്‍ എത്തുന്നുണ്ട്. അതിനിടെ കാലവര്‍ഷത്തിന്റെ മുന്നറിയിപ്പ് ഇപ്പോഴും മത്സ്യത്തൊഴിലാളികള്‍ക്കുണ്ട്. യെല്ലോ അലര്‍ട്ട് തുടരുന്ന കാസര്‍കോട്ട് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് അധികൃതര്‍ ഇടയ്ക്കിടെ നല്‍കുന്നുമുണ്ട്.
