കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിലെ ആലനടുക്കത്തും പരിസരത്തും ഭീതി പരത്തി നിലയുറപ്പിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു. സി എഫ് ഒ കെ അഷ്‌റഫ്, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ (ആര്‍.ആര്‍.ടി), എന്‍ വി സത്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ രാത്രികാല പരിശോധനയിലാണ് കാട്ടുപന്നിയെ വെടിവച്ചു കൊന്നത്.
ആലനടുക്കം മദ്രസ പരിസരത്ത് നിലയുറപ്പിച്ച പന്നിയെ സീനിയര്‍ ഷൂട്ടര്‍ ബി അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ എത്തിയ ദൗത്യസംഘമാണ് വ്യാഴാഴ്ച പുലര്‍ച്ചെ വെടിവച്ചു കൊന്നത്.
മദ്രസ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും കര്‍ഷകര്‍ക്കും ഭീഷണി ഉയര്‍ത്തിയിരുന്ന പന്നിയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ ആലൂര്‍ ടി എ മഹ്‌മൂദ് ഹാജി പരാതി നല്‍കിയിരുന്നു. പന്നിയുടെ ആക്രമണത്തില്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റതിനെ തുടര്‍ന്നാണ് പരാതി നല്‍കിയിരുന്നത്.
അബ്ദുല്ലക്കുഞ്ഞി മഞ്ഞനടുക്കം, അബ്ദുല്‍ റഹ്‌മാന്‍ ഹാജി, അബ്ദുല്‍ റഹ്‌മാന്‍ കുശാല്‍ നഗര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്‌ക്കരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
