കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൈക്കയില്‍ പള്ളി കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ദുരൂഹസാഹചര്യത്തില്‍ കത്തി നശിച്ചു. പൈക്ക ജുമാമസ്ജിദിലെ ഉസ്താദ് റാസ ബാഖഫി ഹൈതമിയുടെ കാറാണ് കത്തി നശിച്ചത്. കാറിനകത്തുണ്ടായിരുന്ന പാസ്പോര്‍ട്ടും മറ്റു വിലപ്പെട്ട രേഖകളും കത്തി നശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം. കാറിനു തീപിടിച്ചതു കണ്ട പരിസരവാസികള്‍ വിവരം കാസര്‍കോട് ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണു ഗോപാല്‍, വി.എം സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. വെള്ളവും ഫോമും ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമ ഫലമായി തീയണച്ചു. കാറിനു സമീപത്ത് നിര്‍ത്തിയിരുന്ന പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂള്‍ ബസിനും സ്ഥലത്തുണ്ടായിരുന്ന ബൈക്കിനും തീപടരാനുള്ള സാധ്യത ഇല്ലാതാക്കിയത് ഫയര്‍ഫോഴ്സിന്റെ ഇടപെടലിലൂടെയായിരുന്നു. എസ്. അരുണ്‍ കുമാര്‍, എം. രമേശ, സി.വി ഷബില്‍ കുമാര്‍, ജിത്തു തോമസ്, പി.എസ് മുഹമ്മദ്, സിറാജുദ്ദീന്‍, അതുല്‍ രവി, അരുണ പി. നായര്‍, ഒ.കെ അനുശ്രീ, ഹോംഗാര്‍ഡുമാരായ എസ്. അജേഷ്, എം.പി രാകേഷ് എന്നിവരാണ് ഫയര്‍ഫോഴ്സ് സംഘത്തില്‍ ഉണ്ടായിരുന്നത്. റാസ ബാഖഫിയുടെ ബന്ധുവായ മംഗല്‍പാടി സ്വദേശി അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്. കാര്‍ കത്തിയതിനു പിന്നില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
