കാസര്‍കോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി കൃത്യമായി ഏറ്റെടുത്ത സ്ഥലത്ത് ദേശീയപാതയും, അതിനോടനുബന്ധിച്ച് സര്‍വീസ് റോഡും, ഓവുചാല്‍ സംവിധാനവും, നടപ്പാതയും ഒരുക്കുമ്പോള്‍ നടപ്പാതയ്ക്ക് മാത്രം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്ഥലമില്ലാതെ പോകുന്നതും ചിലയിടങ്ങളില്‍ നടപ്പാത നിര്‍മ്മിക്കാത്തതും ചര്‍ച്ചയാവുന്നു.
കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്ക് ദേശീയപാതയില്‍ നടപ്പാതയുടെ നിര്‍മ്മാണ കാര്യത്തില്‍ ഹൈക്കോടതി ഇടപെട്ട് നേരത്തെ തന്നെ നിര്‍മ്മാണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നടപ്പാത നിര്‍മ്മാണത്തിലെ മെല്ലെ പോക്കും, അമാന്തവുമാണ് ഇപ്പോള്‍ ജനങ്ങള്‍ ചര്‍ച്ചചെയ്യുന്നത്.
സര്‍വ്വീസ് റോഡിനരികിലെ വ്യാപാരസ്ഥാപനങ്ങളും, കെട്ടിടങ്ങളും, വീടുകളും പല ഭാഗങ്ങളിലും നടപ്പാതയ്ക്ക് തടസ്സമായി നില്‍ക്കുന്നുണ്ട്. ഏറ്റെടുത്ത ഭൂമിയില്‍ കുറവുണ്ടായോ എന്ന് ബന്ധപ്പെട്ടവരാണ് ഈ വിഷയത്തില്‍ വിശദീകരിക്കേണ്ടത്. 2മീറ്റര്‍(6അടി) വീതിയിലാണ് നടപ്പാത ഒരുക്കേണ്ടത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്ഥലങ്ങളില്‍ പോലും വിവിധ ഇടങ്ങളില്‍ നടപ്പാതയ്ക്ക് ആറ് അടി(2മീറ്റര്‍) വീതിയില്ല. ചിലയിടങ്ങളില്‍ നടപ്പാത ഒരുക്കേണ്ട സ്ഥലത്ത് വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറുകള്‍ ഉള്ളത് നടപ്പാതയുടെ നിര്‍മ്മാണത്തിന് തടസ്സമായും നില്‍ക്കുന്നുണ്ട്. വൈദ്യുതി പോസ്റ്റുകള്‍ ഒതുക്കി സ്ഥാപിക്കാനാകട്ടെ സ്ഥലസൗകര്യവുമില്ല.
അതിനിടെ നടപ്പാത നിര്‍മ്മാണത്തില്‍ കെട്ടിട ഉടമകളും നിര്‍മ്മാണ കമ്പനി അധികൃതരുമായി നീക്കുപോക്കുകളുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇത് അന്വേഷിക്കണമെന്ന ആവശ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.
