കാസര്‍കോട്: 21 വയസ്സുള്ള ഭാര്യയെ രണ്ടു വയസ്സുള്ള മകളെയും തനിച്ചാക്കി 19 വയസ്സുള്ള ഭര്‍ത്താവ് താമസസ്ഥലത്ത് തൂങ്ങി മരിച്ചു. ബിഹാര്‍, ബിഷ്ണുപൂര്‍, സൊനാഹയിലെ സുഭാഷ് റാമിന്റെ മകന്‍ സൂരജ് കുമാര്‍ (19) ആണ് ജീവനൊടുക്കിയത്. ഒരു മാസമായി കടമ്പാറിലെ മരക്കമ്പനിയില്‍ തൊഴിലാളിയായ ജോലി ചെയ്തു വരികയായിരുന്നു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സിലാണ് സൂരജ്കുമാറും ഭാര്യാ സഹോദരനുമായ ആദിത്തും താമസം. ഞായറാഴ്ച അവധി ആയതിനാല്‍ ആദിത്ത് മംഗ്‌ളൂരുവിലേക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴായിരുന്നു ക്വാര്‍ട്ടേഴ്‌സിനകത്തു തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ഹൊസങ്കടിയിലെ പൊതു ശ്മശാനത്തില്‍ ഹിന്ദു വിശ്വാസ പ്രകാരം സംസ്‌കരിക്കുമെന്ന് എ.ഐ.ടി.യു.സി ജില്ലാ പ്രസിഡണ്ട് ടി.ഡി മുസ്തഫ പറഞ്ഞു. കലാവതിയാണ് സൂരജ് കുമാറിന്റെ മാതാവ്. ഭാര്യ: നേഹ. മകള്‍: ഹംസിക കുമാരി. സഹോദരങ്ങള്‍: സീമാദേവി, ചന്താദേവി, സുമംദേവി.
17-ാമത്തെ വയസ്സിലാണ് നേഹയും സൂരജും തമ്മില്‍ പ്രണയവിവാഹിതരായത്. ഒരു മാസം മുമ്പ് കടമ്പാറില്‍ ജോലിക്കെത്തിയ സൂരജ് നാട്ടില്‍ പോയി ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ജോലി സ്ഥലത്ത് തിരിച്ചെത്തിയത്.
