കാസര്‍കോട്: അവധി ദിവസം പതിമൂന്നുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പോക്‌സോ പ്രകാരം കേസെടുത്ത് പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂള്‍ പരിസരത്താണ് കേസിനാസ്പദമായ സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും പതിമൂന്നു വയസുമുള്ള പെണ്‍കുട്ടിയെയും 20കാരനായ യുവാവിനെയും പരിസരവാസികള്‍ സ്‌കൂള്‍ പരിസരത്ത് ദുരൂഹസാഹചര്യത്തില്‍ കാണുകയായിരുന്നുവെന്നു പറയുന്നു. നാട്ടുകാര്‍ ഓടികൂടിയപ്പോള്‍ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുവത്രെ. തുടര്‍ന്ന് പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ആരാഞ്ഞപ്പോള്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന കാര്യം വ്യക്തമാക്കിയെന്നു നാട്ടുകാര്‍ പറയുന്നു. തുടര്‍ന്നാണ് പൊലീസിനെ വിവരം അറിയിച്ചതും മഞ്ചേശ്വരം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തതും.
