കാസര്‍കോട്: തളിപ്പറമ്പില്‍ താമസിക്കുന്ന വ്യാജസിദ്ധന്‍ തടവിലാക്കിയ കാഞ്ഞങ്ങാട്ടെ രണ്ട് യുവതികളെ നാട്ടുകാര്‍ ഇടപെട്ട് രക്ഷപ്പെടുത്തി. കണ്ണൂര്‍, കക്കാട്ട് താമസക്കാരനുമായ ഷിഹാബുദീന്‍ (55) എന്ന വ്യാജസിദ്ധന്‍ തടവിലാക്കിയ സഹോദരിമാരായ യുവതികളെയാണ് രക്ഷിച്ചത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ യുവതിയെ പീഡിപ്പിച്ചതിന് കഴിഞ്ഞ ഒമ്പതിനാണ് ഷിഹാബുദീനെ ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മകളുടെ രോഗം മാറ്റാമെന്ന് പറഞ്ഞാണ് ഇയാള്‍ ബന്ധം സ്ഥാപിച്ചത്. ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായി മാറിയ ഷിഹാബുദീന്‍ തനിക്ക് മന്ത്രവാദസിദ്ധിയുണ്ടെന്ന് പറഞ്ഞ് വശത്താക്കി വീട്ടമ്മയെയും ഭര്‍ത്താവിനെയും ഇവരുടെ രണ്ട് പെണ്‍മക്കളെയും തളിപ്പറമ്പ് സയ്യിദ്‌നഗര്‍ സി.എച്ച് റോഡിലെ വീട്ടില്‍ താമസിപ്പിച്ചിരുന്നു. വിവാഹിതരായ രണ്ട് യുവതികളും ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് ഇവിടെ താമസമാക്കിയത്. 28, 24 വയസുള്ളവരാണ് യുവതികള്‍. കാഞ്ഞങ്ങാട്ടെ വീട്ടില്‍ ശെയ്ത്താനുണ്ടെന്ന് വിശ്വസിപ്പിച്ചാണ് സയ്യിദ്‌നഗറിലെ വാടകവീട്ടില്‍ താമസിപ്പിച്ചതെന്നു പറയുന്നു. യുവതികളുടെ മാതാവ് പീഡനപരാതി നല്‍കിയതിന് പിറകെ രണ്ടുപേരെയും നാട്ടിലേക്ക് മാറ്റാന്‍ ശ്രമം നടത്തിയിരുന്നു. യുവതികളുടെ സഹോദരന് തുടക്കം മുതല്‍ വ്യാജസിദ്ധനെ സംശയമുണ്ടായിരുന്നു. എന്നാല്‍ തുടക്ക കാലത്ത് ഉപ്പയും ഉമ്മയും ഉള്‍പ്പെടെ വ്യാജസിദ്ധനില്‍ വലിയ വിശ്വാസം വച്ചുപുലര്‍ത്തിയിരുന്നു. ഷിഹാബുദീന്‍ തട്ടിപ്പുകാരനാണെന്ന് മനസിലായതോടെ മിനിഞ്ഞാന്ന് ഉപ്പയും ഉമ്മയും സഹോദരങ്ങളും യുവതികളെ നാട്ടിലേക്ക് കൊണ്ടുപോകാനെത്തി. കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ ഷിഹാബുദീനും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഷിഹാബുദീന്റെ ആഭിചാരക്രിയയില്‍ മയങ്ങിപ്പോയ യുവതികള്‍ ആദ്യം ഉപ്പക്കും ഉമ്മക്കും ഒപ്പം പോകാന്‍ തയ്യാറായില്ല. വ്യാജസിദ്ധനും യുവതികളെ കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ യുവതികളോട് സംസാരിക്കുകയും സിദ്ധനെ കൈകാര്യം ചെയ്യുമെന്ന അവസ്ഥയുണ്ടാവുകയും ചെയ്തതോടെയാണ് യുവതികള്‍ക്ക് മനംമാറ്റമുണ്ടായതെന്നു പറയുന്നു. തുടര്‍ന്ന് അവര്‍ മാതാപിതാക്കള്‍ക്കൊപ്പം നാട്ടിലേക്ക് യാത്രയായി. സംഭവമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു.
