‘മരണം പ്രകൃതിശ്ശരീരിണാം’ ശരീരികളുടെ പ്രകൃതിയാണ് മരണം. അതായത്, ജനിച്ചവരെല്ലാം ഒരു നാള്‍ മരിക്കും(രഘുവംശം മഹാകാവ്യം- മഹാകവി കാളിദാസന്‍).
എല്ലാവരും ഒരു ദിവസം മരിക്കും എന്ന് ചിന്തിച്ച് വേവലാതിപ്പെടേണ്ടതില്ല. എങ്കിലും പ്രിയപ്പെട്ടവര്‍ എന്നെന്നേയ്ക്കുമായി വേര്‍പെടുമ്പോള്‍ ദുഃഖിക്കും. ‘അയ്യോ; പോയല്ലോ!’ എന്ന് മാറത്തടിച്ച് വിലപിക്കും. അതും മനുഷ്യ സ്വഭാവം.
വ്യക്തിപരമായി സ്വന്തക്കാരല്ലെങ്കില്‍പ്പോലും ഒരു വ്യക്തിയുടെ മരണത്തില്‍ ദുഃഖം തോന്നാതിരിക്കില്ല. മരണമടഞ്ഞയാളുടെ പ്രിയപ്പെട്ടവരുടെ ദുഃഖാചരണത്തില്‍ പങ്കുചേരും. പ്രകടമായിട്ടല്ലെങ്കില്‍ മാനസികമായിട്ട്. ഇതിനെയാണ് ‘സഹതാപം’ എന്ന് പറയുന്നത്. ‘കൂടെ തപിക്കുക, ദുഃഖിക്കുക’ എന്നര്‍ത്ഥം. എന്ത് കാരണം കൊണ്ടായാലും, അങ്ങനെ ചെയ്തില്ലെങ്കിലും മിണ്ടാതിരിക്കുക- അതാണ് ‘മരണാനന്തര മര്യാദ’ എന്നാല്‍ ചില ‘കുബുദ്ധികള്‍’,അന്ത്യയാത്രയായ വ്യക്തിയെ പരസ്യമായി അധിക്ഷേപിക്കാന്‍ മുതിരുന്നതായിക്കാണുന്നു. ചില ഉദാഹരണങ്ങള്‍ കൊണ്ട് വ്യക്തമാക്കാം.
കഴിഞ്ഞ മാസം, അഹമ്മദാബാദില്‍ ഉണ്ടായ വിമാനാപകടം. 230 യാത്രക്കാരും 12 ക്രൂവും തല്‍ക്ഷണം മരണപ്പെട്ട മഹാദുരന്തം. അത്യാഹിതത്തിന്റെ കാരണമെന്തെന്ന് ഊഹാപോഹങ്ങള്‍ മാത്രം. അപകടകാരണത്തെക്കുറിച്ച് അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ആരോപണ പ്രത്യാരോപണങ്ങള്‍ പതിവുപോലെ.
മരണപ്പെട്ടവരില്‍ ഒരാള്‍- രഞ്ജിത ജി നായര്‍- പത്തനംതിട്ടക്കാരി- യു കെയില്‍ നഴ്സ്. നാല് ദിവസം മുമ്പ് നാട്ടില്‍ വന്നിട്ട് ജോലി സ്ഥലത്തേയ്ക്ക് തിരികെ പോകുമ്പോള്‍ ദുരന്തം സംഭവിച്ചു. ‘കഷ്ടം! ഇങ്ങനെ സംഭവിച്ചല്ലോ’? എന്ന് മനുഷ്യപ്പറ്റുള്ളവരെല്ലാം വിലപിക്കുമ്പോള്‍ ഒരു മനുഷ്യാധമന്‍- പേര് പവിത്രന്‍- വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍- സമൂഹമാധ്യമത്തിലൂടെ രഞ്ജിതയെക്കുറിച്ച് അധിക്ഷേപം ചൊരിഞ്ഞു. (വാര്‍ത്ത 13-06-2025ലെ മാധ്യമങ്ങളില്‍) വിവരമറിഞ്ഞ് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍ദ്ദേശിച്ചത് പ്രകാരം ജില്ലാ കളക്ടര്‍ ഇയാളെ സസ്പെന്റ് ചെയ്തു. തുടര്‍ നടപടികളുണ്ടാകും.
ഇയാളുടെ സഹജ സ്വഭാവം ആണത്ര സമൂഹമാധ്യമങ്ങളിലൂടെ പരദൂഷണം നടത്തുക എന്നത്. കാഞ്ഞങ്ങാട് എം എല്‍ എ ഇ ചന്ദ്രശേഖരനെ ആക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റിട്ടതിന് ശിക്ഷിക്കപ്പെട്ടിട്ട് ഏറെക്കാലമായിട്ടില്ല. എന്ത് ശിക്ഷ? സസ്പെന്‍ഷനും താക്കീതും! തിരികെ സര്‍വ്വീസില്‍ക്കയറിയപ്പോള്‍ വീണ്ടും പഴയ വിക്രിയ തന്നെ.
ഇയാളുടെ ‘കൂടെപ്പിറപ്പു’കളെന്ന് പറയേണ്ട, സ്വഭാവ വൈകല്യം ബാധിച്ച കുറേ ആളുകള്‍ പലേടത്തുമുണ്ട്. അഞ്ചുപേര്‍ നമ്മുടെ ജില്ലയില്‍ത്തന്നെയുണ്ട്. ജുലൈ 23, 24 തീയ്യതികളിലെ പത്രങ്ങളില്‍ വാര്‍ത്ത. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ തേജോവധം ചെയ്തുകൊണ്ടുള്ള പരാമര്‍ശങ്ങളുമായി സമൂഹ മാധ്യമങ്ങളില്‍. നീലേശ്വരം തൈക്കടപ്പുറം സ്വദേശി റഷീദ് മൊയ്തു, പള്ളിക്കരയിലെ തൊട്ടിയില്‍ ഫൈസ, കുമ്പള കോയിപ്പാടി പേര്‍വാഡിലെ അബ്ദുള്ളക്കുഞ്ഞി, ചെങ്കളയിലെ റംഷാദ് മുഹമ്മദ്, റഷീദ് തുരുത്തി എന്നിവരുടെ പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അബ്ദുള്ളക്കുഞ്ഞിയുടെ പടം ‘ദേശാഭിമാനി’യില്‍ പ്രസിദ്ധീകരിച്ചു കണ്ടു. നരച്ച, നീണ്ടതാടിയും മുടിയും. വയോധികന്‍ എന്ന് മനസ്സിലാക്കാം. വേഷം കെട്ടിയതല്ലെങ്കില്‍ വെറും ബാലചാപല്യമല്ല എന്ന് വ്യക്തം. ഇത്രയും പ്രായമായിട്ടും മര്യാദകെട്ട പെരുമാറ്റം.
ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനെ മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം സസ്പെന്റ് ചെയ്തു; കേസെടുത്തു. സര്‍ക്കാരുദ്യോഗസ്ഥന്‍ ആരോപണ വിധേയനാകുമ്പോള്‍ ഇതാണ് നടപടിക്രമം. സാധാരണക്കാരുടെ കണ്ണീരൊപ്പുക എന്നത് ജീവിതവ്രതമാക്കിയ മുന്‍ മുഖ്യമന്ത്രിയെ തേജോവധം ചെയ്തവരെ എന്തു ചെയ്യണം? എന്ത് ചെയ്യാന്‍ കഴിയും?
ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്‍ പഴയ കേസുകളില്‍ നിയമം അനുശാസിക്കുന്ന ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ വീണ്ടും കുറ്റം ചെയ്തു; വീണ്ടും കേസ് നടപടി. രണ്ടോ മൂന്നോ കൊല്ലത്തെ തടവ് ശിക്ഷ. അത് കഴിഞ്ഞ് മോചിതനായ ശേഷം? പഠിച്ചത് മറക്കുമോ? കാസര്‍കോട്ടെ മനുഷ്യാധന്മാരും?
‘തേജോവധം’ വധത്തെക്കാള്‍ കഠിനശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. കേട്ടു കൂടാത്ത വാക്കാകുന്ന ആയുധം പ്രയോഗിച്ചാല്‍ അത് ഏറ്റ് ഉണ്ടാകുന്നവ്രണം-മുറിവ്- ഒരു കാലത്തും ശമിക്കുകയില്ല എന്ന് ആപതവാക്യം. നമ്മുടെ അനുഭവവും. അത് പരിഗണിച്ച് നമ്മുടെ അനുഭവവും. ഇത് പരിഗണിച്ച് നമ്മുടെ ശിക്ഷാ നിയമം ഭേദഗതി ചെയ്യണം. ജീവപര്യന്തം കഠിന തടവ്. അതും മതിയാവില്ല. പതിനാലോ പതിനാറോ കൊല്ലം കഴിയുമ്പോള്‍ പുറത്തിറങ്ങുമല്ലോ. ‘ജീവപര്യന്തം’ എന്നാല്‍ ജീവിതാവസാനംവരെ. പരോളില്ലാത്ത തടവ്.
‘മരണാനന്തര മര്യാദ’ പാലിക്കാത്തവര്‍ക്കുള്ള- ഉണ്ടാകേണ്ട- ശിക്ഷ.
