കാസര്‍കോട്: വഴിയാത്രക്കാരിയായ പതിനെട്ടുകാരിയെ കയറിപ്പിടിച്ച് ഓടി രക്ഷപ്പെട്ട വിരുതനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി കൈകാര്യം ചെയ്ത ശേഷം പൊലീസിനു കൈമാറി. കര്‍ണ്ണാടക, സകലേഷ്പുര്‍ സ്വദേശിയും കുമ്പള, ആരിക്കാടി, കടവത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഷുഹൈബി(25)നെയാണ് നാട്ടുകാര്‍ പിടികൂടി കുമ്പള പൊലീസിനു കൈമാറിയത്.
ജുലായ് 24ന് പട്ടാപ്പകല്‍ ആണ് കേസിനാസ്പദമായ സംഭവം. കുമ്പള റെയില്‍വെ സ്റ്റേഷനു സമീപത്തെ റോഡില്‍ കൂടി നടന്നു പോവുകയായിരുന്നു യുവതി. ഇതിനിടയില്‍ എത്തിയ പ്രതി യുവതിയെ കയറിപ്പിടിക്കുകയും ബഹളം വച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. യുവതിയെ കടന്നുപിടിച്ച ആളുടെ ചിത്രം റെയില്‍വെസ്റ്റേഷന്‍ പരിസരത്തെ ഒരു സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. പ്രസ്തുത ചിത്രം കേന്ദ്രീകരിച്ച് നാട്ടുകാര്‍ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് യുവാവിനെ ഞായറാഴ്ച രാത്രി കുമ്പള ടൗണില്‍ കാണപ്പെട്ടത്. യുവാവിനെ നിരീക്ഷണത്തിലാക്കിയ ശേഷം പരാതിക്കാരിയായ യുവതിയെ കുമ്പള ടൗണിലേക്ക് കൂട്ടിക്കൊണ്ടു വന്ന് അക്രമം നടത്തിയത് പിടിയിലായ യുവാവാണെന്നു ഉറപ്പാക്കിയ ശേഷമാണ് പൊലീസിനു കൈമാറിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും സമാനമായ മറ്റേതെങ്കിലും കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടോയെന്ന് അന്വേിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
