തടികുറക്കാന്‍ മൂന്നുമാസം ജ്യൂസ് മാത്രമായി ഭക്ഷണം കഴിച്ച 17 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കന്യാകുമാരിയില്‍ നിന്നാണ് ഈ വാര്‍ത്ത വരുന്നത്. ശക്തീശ്വരനാണ് മരിച്ചത്. ആരോഗ്യവാനായിരുന്ന ശക്തീശ്വരന്റെ മരണകാരണം മൂന്നുമാസത്തോളം ജ്യൂസ് മാത്രം കുടിച്ചതാണെന്ന് കുടുംബം ആരോപിച്ചു.
യൂട്യൂബില്‍ വിഡിയോ കണ്ടാണ് യുവാവ് ഡയറ്റിങ് ആരംഭിച്ചത്. അതേസമയം ഡോക്ടര്‍മാരേയോ, വിദഗ്ധരേയോ സമീപിച്ചിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. പഴച്ചാറുകള്‍ മാത്രം കഴിച്ചിരുന്ന ശക്തീശ്വരന്‍ കഴിഞ്ഞ ദിവസം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ശ്വാസംമുട്ടലായിരിക്കാം മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നു, പക്ഷേ സ്ഥിരീകരണത്തിനായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടണമെന്ന് അവര്‍ വ്യക്തമാക്കി. സമാനമായ സംഭവം കഴിഞ്ഞ വര്‍ഷം കണ്ണൂരിലും നടന്നിരുന്നു. പതിനെട്ടുകാരിയായ എം.ശ്രീനന്ദയാണ് യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിനേത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാല്‍ ചികിത്സയില്‍ കഴിയവേ മരിച്ചത്.
