കാസര്‍കോട്: കുമ്പള പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ വൈദ്യുതി വകുപ്പ് അധികൃതര്‍ പ്രകടിപ്പിച്ച കരുതലും കാരുണ്യവും അഞ്ചാം വാര്‍ഡ് ആയ ചൂരിത്തടുക്ക സന്തോഷ് നഗറില്‍ കൂടി പ്രകടിപ്പിക്കണമെന്ന് നാട്ടുകാര്‍ അഭ്യര്‍ത്ഥിക്കുന്നു. അഞ്ചാം വാര്‍ഡില്‍ കാട്ടു വള്ളികള്‍ വൈദ്യുത പോസ്റ്റില്‍ പടര്‍ന്നു കയറിയിരിക്കുകയാണ്. കാട് വെട്ടിമാറ്റാന്‍ നടപടിയില്ലാത്തത് പ്രതിഷേധമുയര്‍ത്തുന്നുണ്ട്. തൂണില്‍നിന്ന് ലൈനിലേക്കും കാട് കയറിയിട്ടുണ്ട്. മഴ പെയ്താല്‍ വൈദ്യുതിപ്രവാഹം ഉണ്ടാകാനുള്ള സാധ്യതയാണ് അപകടഭീഷണിയാകുന്നത്. യാത്രക്കാര്‍ സദാസമയം ഇതുവഴി സഞ്ചരിക്കുമ്പോള്‍ നാട്ടുകാരില്‍ ഭീതിയാണ്. ഇതുപോലെ എട്ടാം വാര്‍ഡില്‍ മറ്റൊരു വൈദ്യുത തൂണില്‍ പടര്‍ന്ന കാട്ടുവള്ളിയുടെ ദൃശ്യം വെള്ളിയാഴ്ച കാരവല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നു വൈദ്യുത പോസ്റ്റിലും ലൈനിലും പടര്‍ന്ന കാട്ടുവള്ളികള്‍ അന്നുതന്നെ നീക്കം ചെയ്തിരുന്നു. ഇത് നാട്ടുകാരെ ആശ്വസിപ്പിക്കുകയും ചെയ്തു.
ചൂരിത്തടുക്കയിലെ ഭീഷണി ഒഴിവാക്കാന്‍ വേണ്ട നടപടിയാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. എട്ടാം വാര്‍ഡിലെ കരുതല്‍ അഞ്ചാം വാര്‍ഡിലും കാണിക്കണമെന്നാണ് നാട്ടുകാര്‍ അധികൃതരോട് അഭ്യര്‍ത്ഥിക്കുന്നത്.
