കാസര്‍കോട്: ഒരു നൂറ്റാണ്ടിലേറെ ചെമ്മനാട് ചളിയംകോട് പള്ളിപ്പുറം റോഡരികില്‍ തണല്‍ വിരിച്ച ആല്‍മരത്തിനു വിട. ഞായറാഴ്ച രാവിലെയാണ് കൂറ്റന്‍ ആല്‍മരം കടപുഴകി റോഡിലേക്ക് വീണത്.
കുട്ടികള്‍ അടക്കം നിരവധി പേര്‍ കാല്‍നടയായും ഒട്ടനവധി വാഹനങ്ങളും പോകുന്ന റോഡിലാണ് മരം വീണത്. ആല്‍മരത്തിന് സമീപത്ത് വീടുകള്‍ ഉണ്ടായിട്ടും മരം റോഡിലേക്ക് വീണതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സമീപത്തെ വൈദ്യുതി ലൈനിലും വീണില്ല. അതിനാല്‍ വലിയ അപകടമാണ് വഴിമാറിയത്. റോഡില്‍ മരം വീണതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. വിവരത്തെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സണ്ണി ഇമ്മാനുവെലിന്റെ നേതൃത്വത്തില്‍ കാസര്‍കോടു അഗ്നിരക്ഷാ നിലയത്തില്‍ നിന്നും രണ്ട് യൂനീറ്റ് വാഹനം എത്തി മരം മുറിച്ചുമാറ്റി റോഡ് ഗതാഗത യോഗ്യമാക്കി. സേനാഗംങ്ങളായ എം. രമേശ, ഒ.കെ. പ്രജിത്ത്, എസ് സാദ്ദിഖ്, ജിത്തു തോമസ്, ടി.അമല്‍രാജ്, ഹോംഗാര്‍ഡുമാരായ എ രാജേന്ദ്രന്‍, എം.കെ ഷൈലേഷ്, കെ.വി ശ്രീജിത്ത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
