കാസര്‍കോട്: കാല്‍ ലക്ഷത്തിലധികം നിരോധിത പാന്‍ മസാല പാക്കറ്റുകളുമായി നീലേശ്വരത്ത് 2 യുവാക്കള്‍ പിടിയിലായി. തൃക്കരിപ്പൂര്‍ മീലിയാട്ട് സ്വദേശി സികെ മുഹമ്മദ് ഷഫീര്‍(26), മൊഗ്രാല്‍പുത്തൂര്‍ സ്വദേശി എംഎം മുഹമ്മദ് ഫര്‍ഹാന്‍ (20)എന്നിവരെയാണ് നീലേശ്വരം പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി 9 മണിയോടെ നീലേശ്വരം കരുവാച്ചേരി ദേശീയപാതയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പാന്‍ മസാല കടത്ത് പിടികൂടിയത്. കാസര്‍കോട് നിന്നും കടകളിലും മറ്റും ഏല്‍പ്പിക്കാന്‍ തൃക്കരിപ്പൂര്‍ ഭാഗത്തേക്ക് കാറില്‍ കൊണ്ടുപോവുകയായിരുന്നു പാന്‍മസാല. ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് നീലേശ്വരത്ത് പൊലീസ് വല വിരിച്ചത്. കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോള്‍ 20 ചാക്കുകളിലായാണ് നിരോധിത പാന്‍ മസാല പാക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്. എസ്‌ഐമാരായ എവി ശ്രീകുമാര്‍, ജമായന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടന്നത്.
