കാസര്‍കോട്: മഴയ്ക്ക് രണ്ട് ദിവസമായി നേരിയ ശമനമുണ്ടെങ്കിലും കടലാക്രമണം ശക്തിപ്രാപിച്ചു തുടരുന്നത് തീരമേഖലയില്‍ ദുരിതം വിതക്കുന്നു. ജില്ലയിലെ തീരദേശ മേഖല രൂക്ഷമായ കടലാക്രമണ ഭീഷണിയാണ് നേരിടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചെമ്പരിക്കയിലും, തൃക്കണ്ണാടും, ഉദുമയിലും കടല്‍ വീടുകള്‍ തൊട്ടതോടെ തീരവാസികള്‍ ഭയാശങ്കയിലുമായി. ഉപ്പള ബേരിക്കയിലും, പെരിങ്കടിയിലും കടലാക്രമണം രൂക്ഷമാണ്. ഇവിടെ ഒന്നര കിലോമീറ്ററു കളോളം തീരദേശ റോഡും,തീരവും, നൂറുകണക്കിന് കാറ്റാടി മരങ്ങളും കടലെടുത്തുകഴിഞ്ഞു. കഴിഞ്ഞവര്‍ഷത്തെ കടലാക്രമണത്തില്‍ തകര്‍ന്ന റോഡുകള്‍ ‘ജിയോബാഗ്’ ഉപയോഗപ്പെടുത്തി സംരക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും ഈ പ്രാവശ്യം റോഡ് പൂര്‍ണ്ണമായും കടലെടുത്തത് തീരമേഖലയില്‍ വലിയ തോതിലുള്ള യാത്രാദുരിതത്തിന് കാരണമായിട്ടുണ്ട്.
കുമ്പള കോയിപ്പാടി, പെറുവാട് കടപ്പുറത്തും കടലേറ്റം രൂക്ഷമാണ്. ഇവിടെയും തീരദേശ റോഡ് തകര്‍ച്ചയെ നേരിടുന്നു. ചെമ്പരിക്കയില്‍ വെള്ളിയാഴ്ച ഒരു വീട്ടിലേക്ക് കടല്‍ ഇരച്ചു കയറി. ഉദുമയിലും, തൃക്കണ്ണാടും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാവരോടും മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. രൂക്ഷമായ കടലാക്രമണം നേരിടുന്ന തൃക്കണ്ണാട് അടിയന്തര നടപടി സ്വീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ വകുപ്പ് തല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇവിടെ മുസ്ലിം ലീഗ് പ്രാദേശിക കമ്മിറ്റികള്‍ പ്രതിഷേധ പരിപാടികള്‍ ഇന്ന് സംഘടിപ്പിക്കും. തീരത്തെ നിലവിളി അധികൃതര്‍ വേണ്ടപോലെ കേള്‍ക്കുന്നില്ലെന്നും, അടിയന്തിര നടപടികള്‍ക്ക് പോലും കാലതാമസം നേരിടുന്നുമാണ് തീരദേശവാസികളുടെ പരാതി.
