കാസര്‍കോട്: മധൂര്‍, പറക്കിലയില്‍ പരിക്കേറ്റ നിലയില്‍ കാണപ്പെട്ടയാള്‍ മരിച്ചു. കോടി മജലിലെ ചെനിയ – ലീല ദമ്പതികളുടെ മകന്‍ ചന്ദ്രഹാസ (52)യാണ് മരിച്ചത്. ജൂലായ് 18 ന് രാത്രി ഏഴര മണിയോടെയാണ് ചന്ദ്രഹാസയെ തലയ്ക്ക് പരിക്കേറ്റ നിലയില്‍ റോഡരുകില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ വീട്ടുകാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മംഗ്‌ളൂരു വെന്‍ ലോക് ആശുപത്രിയിലെത്തിച്ചു. ഐ സി യു സൗകര്യം ഇല്ലെന്നു അറിയിച്ചതോടെ ആളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. സര്‍ജന്‍ ഇല്ലെന്ന കാരണം പറഞ്ഞ് അവിടെ നിന്നും മടക്കിയതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ചന്ദ്രഹാസയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ജീവന്‍ രക്ഷിക്കുക അസാധ്യമാണെന്നും വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നതാണ് നല്ലതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. വീട്ടിലേക്ക് എത്തിച്ചശേഷം 20 ന് മരണം സംഭവിക്കുകയും സംസ്‌കാരം നടത്തുകയും ചെയ്തു. പിന്നീടാണ് മരണത്തില്‍ സംശയം ഉണ്ടായതെന്നു ബന്ധുക്കള്‍ ആരോപിച്ചത്. തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസെത്തി പറക്കിലയിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. ബൈക്കിടിച്ചതാണ് ചന്ദ്രഹാസയ്ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കിയതെന്നും പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
