കാസർകോട്: ചിറ്റാരിക്കാലിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ വൈദികൻ കീഴടങ്ങി. അതിരുമാവ് സെൻ്റ് പോൾസ് ചർച്ച് വികാരി ആയിരുന്ന ഫാ. പോൾ തട്ടുംപറമ്പിൽ ആണ് കാസർകോട് കോടതിയിൽ കീഴടങ്ങിയത്. പോൾ തട്ടുംപറമ്പിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണ് കാസർകോട് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ കാസർകോട് സ്പെഷൽ സബ് ജയിലിലേക്ക് റിമാന്റീനയച്ചു. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയായ 16-കാരനെ 2024 മേയ് 15 മുതല്‍ ഓഗസ്റ്റ് 13 വരെയുള്ള മൂന്ന് മാസ കാലയളവിൽ പോള്‍ തട്ടുപറമ്പില്‍ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നതിന് തന്റെ വസതിയിലേക്കും മറ്റിടങ്ങളിലേക്കും പുരോഹിതന്‍ കൊണ്ടുപോയിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയും അവര്‍ ചിറ്റാരിക്കല്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഫാദര്‍ പോള്‍ തട്ടുംപറമ്പില്‍ ഒളിവിൽ പോവുകയായിരുന്നു.
