കാസര്‍കോട്: കാഞ്ഞങ്ങാട് മറിഞ്ഞ ടാങ്കര്‍ ലോറി ഉയര്‍ത്തുന്നതിനിടെ വാതക ചോര്‍ച്ച. ക്രെയിന്‍ തട്ടി ടാങ്കറിന്റെ വാള്‍വ് പൊട്ടിയതിനെ തുടര്‍ന്നാണ് ചോര്‍ച്ച ഉണ്ടായതെന്നാണ് വിവരം. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ചോര്‍ച്ചയടക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. കൂടുതല്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. മംഗളൂരുവില്‍ നിന്ന് വിദഗ്ധ സംഘം എത്തിയ ശേഷം മാത്രമേ ചോര്‍ച്ച അടക്കാനാവൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി മണിക്കൂറുകള്‍ എടുക്കും. കൂടുതല്‍ ഫയര്‍ ഫോഴ്സ് അംഗങ്ങള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. പരിസരത്തെ വീടുകളിലെ ആളുകളോട് ഒഴിഞ്ഞു പോകാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടാങ്കര്‍ ലോറി മാറ്റുന്നതിന് മുന്നോടിയായി രാവിലെതന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മൂന്നു വാര്‍ഡുകളില്‍ പ്രാദേശിക അവധി നല്‍കിയിരുന്നു. പരിസര പ്രദേശങ്ങളിലെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു. അതിനിടെയാണ് പുതിയ സംഭവം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
