കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ ഡോക്ടറും കാസര്‍കോട് നഴിസിംഗ് ഹോം സ്ഥാപകരില്‍ പ്രമുഖനുമായ ഡോ. ബി എസ് റാവു എന്ന ബായാര്‍ ശങ്കരനാരായണ റാവു (84) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നു മംഗളൂരുവില്‍ അദ്ദേഹം ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം.
കോഴിക്കോടു മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി എസും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം ഡിയും നേടിയ അദ്ദേഹം കാസര്‍കോട് ഗവ. ആശുപത്രിയില്‍ ടി ബി സ്‌പെഷ്യലിസ്റ്റായി സര്‍വ്വീസില്‍ പ്രവേശിച്ചു. പിന്നീട് മാലിക് ദിനാര്‍ ആശുപത്രിയില്‍ ജനറല്‍ ഫിസിഷ്യനായി. അതിനു ശേഷം വീണ്ടും കാസര്‍കോട് ഗവ. ആശുപത്രിയില്‍ എത്തിയ അദ്ദേഹം 1976 മുതല്‍ 80 വരെ ജനറല്‍ ആശുപത്രിയില്‍ തുടര്‍ന്നു. 1980ല്‍ കാസര്‍കോട് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ കാസര്‍കോട് നഴ്‌സിംഗ് ഹോം സ്ഥാപിക്കുന്നതിനു മുന്‍ നിരയില്‍ നിന്നു. മികച്ച ഡോക്ടര്‍ എന്ന നിലയില്‍ ഇതിനിടയില്‍ പ്രശസ്തനായ അദ്ദേഹം ഡോക്ടര്‍മാരുടെ വിവിധ സംഘാടനകളിലും നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കാസര്‍കോട് ശാഖ സ്ഥാപക സെക്രട്ടറിയായിരുന്നു. പിന്നീട് ഇതേ സംഘടനയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു.
ക്യു പി എം പി എ സംസ്ഥാന പ്രസിഡന്റ്, എ പി രണ്ട് കാസര്‍കോട് ബ്രാഞ്ച് സ്ഥാപകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അധ്യാത്മിക സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
കാസര്‍കോട് മെഡി കെയര്‍ സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപക മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട് എം ആര്‍ ഐ സെന്ററിന്റെ സ്ഥാപക അംഗമായിരുന്നു. ബായാറിലെ ഡോക്ടര്‍ ശിവശര്‍മ്മ- സരസ്വതി ദമ്പതികളുടെ മകനാണ്. ഡോ. ബി എസ് റാവു. ഭാര്യ: പത്മാവതി റാവു. മക്കള്‍:ഡോ. ശിവപ്രസാദ് റാവു( മംഗളൂരു), ഡോ. രേഖ മയ്യ(കാസര്‍കോട്), രൂപ വയലായ (എഞ്ചിനീയര്‍, യു എസ്). മരുമക്കള്‍: ഡോ. ഗണേഷ് മയ്യ, ആദിത്യ വയലായ, ഡോ. സീമ.
സഹോദരങ്ങള്‍: ജയലക്ഷ്മി, ലീല, സാവിത്രി, സീത, ഗീത, രത്‌ന, ശ്യാമള, രാധ, പരേതനായ തിമ്മപ്പയ്യ. ശവസംസ്‌ക്കാരം ശനിയാഴ്ച നടക്കും.
