ഭുവനേശ്വര്‍: നിരന്തരം പീഡിപ്പിച്ചതിനെത്തുടര്‍ന്നു ഗര്‍ഭിണിയായ 15 കാരിയെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച രണ്ടു സഹോദരന്മാരെ പൊലീസ് പിടിച്ചു. ഒഡീഷയിലെ ജഗദ്‌സിംഗ്പുര്‍ ജില്ലയിലെ ബനാഷ് ബാരയിലെ ഭാഗ്യാധര്‍ ദാസ്, പഞ്ചനന്‍ദാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഹോദരന്മാരാണ്. ഇവരുടെ സംഘത്തില്‍പ്പെട്ട മറ്റൊരാളായ തുളു പൊലീസ് പിടിയില്‍ നിന്നു രക്ഷപ്പെട്ടു. അയാള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഒരു മഠത്തിലെ ജീവനക്കാരാണ് ഇവര്‍.
പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്നറിഞ്ഞു ഗര്‍ഭസ്ഥ ശിശുവിനെ ഇല്ലാതാക്കാന്‍ ഇവര്‍ നിര്‍ബന്ധിച്ചു. ഒടുവില്‍ അതിനു വഴങ്ങിയ പെണ്‍കുട്ടിയുമായി വിജനമായ സ്ഥലത്തെ വന്‍ കുഴിക്കടുത്തെത്തി. ഇതു കണ്ടു സംശയം തോന്നി പെണ്‍കുട്ടി അറച്ചു നിന്നു. ഗര്‍ഭം ഇല്ലാതാക്കാന്‍ തയ്യാറായില്ലെങ്കില്‍ ഈ കുഴിയില്‍ ഇട്ടു ജീവനോടെ കുഴിച്ചു മൂടുമെന്ന് കുഴി ചൂണ്ടിക്കാട്ടിക്കൊണ്ട് അവര്‍ താക്കീതു ചെയ്തതോടെ പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു. വീട്ടിലെത്തിയ 15 കാരി സംഭവങ്ങള്‍ പിതാവിനോടു വിശദീകരിച്ചു. അദ്ദേഹം പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു പരിശോധിച്ചു. അതിനു ശേഷം നേരെ കുജാംഗ് പൊലീസ് സ്റ്റേഷനിലെത്തി പരാതികൊടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. അന്വേഷണം തുടരുകയാണ്.
