കുമ്പള: കുമ്പള പഞ്ചായത്തില്‍ ബി ജെ പിയും പഞ്ചായത്ത് സെക്രട്ടറിയും ചേര്‍ന്നു കുത്തിത്തിരുപ്പുണ്ടാക്കുകയാണെന്നു പഞ്ചായത്ത് പ്രസിഡന്റ് താഹിറ, വൈ. പ്രസി. നാസര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുകൊണ്ടു ബി ജെ പിയും പഞ്ചായത്തു സെക്രട്ടറിയും രാഷ്ട്രീയ നാടകം കളിക്കുന്നു. ഇതു മൂലം പഞ്ചായത്തിലെ വികസന പ്രവര്‍ത്തനം മുഴുവന്‍ നിശ്ചലമായിരിക്കുന്നു. പഞ്ചായത്ത് സെക്രട്ടറി ഒരു മാസം മുമ്പു വകുപ്പു തല നടപടിക്കു വിധേയനായി കുമ്പള പഞ്ചായത്തില്‍ വന്നയാളാണെന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് മെമ്പര്‍മാരും ജീവനക്കാരും ആകെ അഴിമതിക്കാരും ധൂര്‍ത്തുകാരുമാണെന്നു വരുത്തി പദ്ധതികള്‍ ഇവര്‍ അവതാളത്തിലാക്കുന്നു. പദ്ധതികള്‍ നടപ്പാക്കാന്‍ ആവശ്യത്തിനു ജീവനക്കാരില്ല. ബസ്സ്റ്റാന്റ് വെയ്റ്റിംഗ് ഷെഡ്ഡ് നിര്‍മ്മാണത്തില്‍ അഴിമതി ഉണ്ടെങ്കില്‍ അന്വേഷിക്കട്ടെ. അഴിമതിക്കെതിരെ പഞ്ചായത്ത് സെക്രട്ടറി എന്താണ് പരാതിയെടുക്കാത്തതെന്നു പഞ്ചായത്ത് പ്രസിഡന്റ് ആരാഞ്ഞു. ബി ജെ പി തനിക്കെതിരെ കൊണ്ടുവന്ന അവിശ്വാസത്തെ നേരിടും. സത്യാവസ്ഥ എല്ലാവരെയും ബോധ്യപ്പെടുത്താനുള്ള അവസരം അവിശ്വാസപ്രമേയം ഉണ്ടാക്കിയിട്ടുണ്ടെന്നു പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
