ചെന്നൈ: ഭർതൃപിതാവ് കെട്ടിപിടിച്ചുവെന്നും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ച് യുവതി തീകൊളുത്തി മരിച്ചു. തമിഴ്നാട് രാമനാഥപുരം സ്വദേശി രഞ്ജിത (32) ആണ് മരിച്ചത്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ രഞ്ജിത മധുര രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരിക്കുന്നതിന് മുമ്പ് ഇവർ നൽകിയ മരണമൊഴിയിലാണ് ഭർതൃപിതാവിനെതിരെയും ഭർതൃവീട്ടുകാർക്കെതിരെയും കടുത്ത ആരോപണങ്ങളുള്ളത്. ഭർതൃപിതാവ് കെട്ടിപ്പിടിച്ചുവെന്നും തനിക്കത് സഹിക്കാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് തീകൊളുത്തിയതെന്നും രഞ്ജിത മരണമൊഴിയിൽ പറയുന്നു. മാതാവ് നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നുവെന്ന് രഞ്ജിതയുടെ ഏഴാം ക്ലാസുകാരനായ മകനും മൊഴിനൽകി. ഭർതൃപിതാവിൽനിന്നുള്ള ലൈംഗികാതിക്രമത്തിനു പുറമേ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും നിരന്തരം രഞ്ജിതയെ പീഡിപ്പിച്ചിരുന്നതായി രഞ്ജിതയുടെ സഹോദരി അളഗസുന്ദരി പറഞ്ഞു. 13 വർഷം മുമ്പായിരുന്നു രഞ്ജിതയുടെ വിവാഹം. അന്നുമുതൽ സ്ഥലവും കൂടുതൽ സ്വർണവും ആവശ്യപ്പെട്ടു പീഡിപ്പിച്ചു വരികയാണ്. ഭർത്താവ് മദ്യപിക്കുകയും ശേഷം അവളെ മർദിക്കുകയും ചെയ്യുമായിരുന്നു. ഒന്നും ആരോടും പറയരുതെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഞങ്ങളെ കാണാൻപോലും അവർ അവളെ അനുവദിച്ചിരുന്നില്ലെന്നു സഹോദരി അളഗസുന്ദരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവത്തിൽ ലോക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
