മുംബൈ: വിവാഹിതയും ഭര്‍തൃമതിയുമായ യുവതിയോടു അഭിനിവേശം തോന്നിയ യുവാവു യുവതിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി ചതുപ്പു സ്ഥലത്തു തള്ളി. കൊല്ലപ്പെട്ടയാളുടെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വാസിക്കടുത്തു പന്‍വേലി- സിയോണ്‍ റോഡിലെ ഓവുചാലില്‍ ഉപേക്ഷിച്ചു.
നവിമുംബൈയില്‍ തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. നവിമുംബൈയിലെ വാസിയില്‍ താമസക്കാരനായ അബൂബക്കര്‍ സുഹാദി മണ്ഡലാണ് കൊല്ലപ്പെട്ടത്. പതിവുപോലെ അബൂബക്കര്‍ സുഹാദി അന്നു രാവിലെയും ജോലിക്കു പോയതായിരുന്നു. എന്നാല്‍ വൈകിട്ട് തിരിച്ചെത്താത്തതിനെതുടര്‍ന്നു ഭാര്യ ഫാത്തിമ മണ്ഡലിനു പരിഭ്രമമായി. അവര്‍ പൊലീസ് സ്റ്റേഷനിലെത്തി രാവിലെ പതിവുപോലെ ജോലിക്കു പോയ ഭര്‍ത്താവ് അസാധാരണമായി അന്നു തിരിച്ചെത്തിയില്ലെന്നും താമസിക്കുന്നതിന്റെ കാര്യം വിളിച്ചറിയിച്ചില്ലെന്നും ഫോണില്‍ അയാളുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും പരാതികൊടുത്തു. അതിനു ശേഷം പരാതിയില്‍ പറയാത്ത ഒരു വിവരം ഫാത്തിമ പൊലീസിനെ അറിയിച്ചു. അതനുസരിച്ചു നടത്തിയ അന്വേഷണത്തില്‍ രാത്രി തന്നെ മൃതദേഹം വാഹിയിലെ ചതുപ്പ് സ്ഥലത്ത് ചാക്കില്‍കെട്ടി താഴ്ത്തി വച്ച നിലയില്‍ കണ്ടെത്തി. അമിനൂര്‍ അലിയെന്ന 21 കാരനെ കസ്റ്റഡിയിലെടുക്കുകയും കൊല്ലപ്പെട്ടയാളുടെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വാസിക്കടുത്തുള്ള പവന്‍വേലി- സിയോണ്‍ റോഡിലെ ഓവുചാലില്‍ നിന്നു കണ്ടെടുക്കുകയും ചെയ്തു.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അമിനുര്‍ അലി മനസ്സു തുറന്നു. കൊല്ലപ്പെട്ട അബൂബക്കര്‍ സുഹാദി മണ്ഡലും ഭാര്യ ഫാത്തിമ മണ്ഡലും നവി മുംബൈയിലെ വാസിയില്‍ സന്തോഷത്തോടെ കഴിയുകയായിരുന്നു. അബൂബക്കര്‍ സുഹാദിക്കു 35 വയസ്സും ഫാത്തിമക്കു 25 വയസ്സുമാണ് പ്രായം. തനിക്കു ഫാത്തിമ മണ്ഡലുമായുണ്ടായ അടുപ്പം വിട്ടു പിരിയാനാവാത്ത പ്രണയമായി മാറി. അനുരാഗവിവശനായ താന്‍ പലതവണ തന്നെ വിവാഹം കഴിക്കണമെന്നു ഫാത്തിമയോട് അഭ്യര്‍ത്ഥിച്ചു. തനിക്കു ഫാത്തിനയെക്കാള്‍ നാലു വയസ്സു പ്രായക്കുറവായിരുന്നു. എങ്കിലും ഫാത്തിമയെ അത്രക്കു സ്‌നേഹിച്ചു. ഇതിനിടയിലാണ് ഭര്‍ത്താവില്ലെങ്കില്‍ ഫാത്തിമ തന്നെ വിവാഹം കഴിക്കുമെന്ന ചിന്ത ഉടലെടുത്തത്. പതിവുപോലെ ജോലിക്കു പോവുകയായിരുന്ന അബൂബക്കര്‍ സുഹാദി മണ്ഡലിനെ സ്‌നേഹപൂര്‍വ്വം ഒപ്പം കൂട്ടി കൊലപ്പെടുത്തുകയായിരുന്നു. ഒരു സഹായിയുമുണ്ടായിരുന്നു. കൊലക്കു ശേഷം ഒരിക്കലും ഒരു തെളിവും അതുസംബന്ധിച്ച് ആര്‍ക്കും കണ്ടെത്താന്‍ കഴിയില്ലെന്ന ആശ്വാസത്തില്‍ ഇരിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായതെന്നും അയാള്‍ പറഞ്ഞു. ഫാത്തിമ പൊലീസിനോടു പറഞ്ഞ വിവരമനുസരിച്ചു നടത്തിയ സി സി ടി വി അന്വേഷണത്തിലാണ് പൊലീസിനു അമിനുര്‍ അലി അഹമ്മദിനെക്കുറിച്ചുള്ള വിവരം ഉറപ്പിക്കാന്‍ കഴിഞ്ഞതും കുറ്റവാളിയെ അറസ്റ്റു ചെയ്യാനായതും. സഹായിയെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.
