കാസർകോട്: വധശ്രമമടക്കം ഒട്ടേറെ കേസുകളിലെ പിടികിട്ടാപ്പുള്ളിയെ കൊല്ലം ചാത്തന്നൂർ പൊലീസ് ഉദുമയിൽ നിന്നും പിടികൂടി. ഉദുമ നാലാം വാതുക്കലിൽ ഒളിവിൽ കഴിഞ്ഞ ചാത്തന്നൂർ കുളപ്പാടം പുത്താൻകോട് കവല ജാബിർ മൻസിലിലെ മുഹമ്മദ് അൻവർ എന്ന അനു ആണ് അറസ്റ്റിലായത്. അൻവർ ഉദുമയിൽ ഒളിവിൽ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ച ചാത്തന്നൂർ പൊലീസ് ബേക്കൽ പൊലീസിൻ്റെ സഹായം തേടുകയായിരുന്നു.ബേക്കൽ ഇൻസ്പെക്ടർ എം.വി. ശ്രീദാസ്, സിവിൽ പൊലീസ് ഓഫീസർ കെ. പ്രസാദ് എന്നിവരുടെ സഹായത്തോടെയാണ് ചാത്തന്നൂർ പൊലീസ് പ്രതിയെ പിടികൂടിയത്. 2012 ൽ സിപിഎം പ്രവർത്തകനെയും മറ്റൊരാളെയും വധിക്കാൻ ശ്രമിച്ച കേസുകളിലും ഇയാൾ പ്രതിയാണ്. മറ്റു രണ്ട് കേസുകളിലും കൂടി പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. അൻവറിനൊപ്പം പ്രതിയായ മറ്റുള്ളവർ ശിക്ഷിക്കപ്പെട്ടിരുന്നു. ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
