കുമ്പള: മഴക്കാലം കഴിയാറായപ്പോള്‍ കൃഷി ഇറക്കുന്നതിനു എന്തെങ്കിലും സഹായമോ പദ്ധതികളോ ഉണ്ടോ എന്നന്വേഷിക്കാന്‍ എത്തുന്ന കര്‍ഷകര്‍ക്കു പുത്തിഗെ കൃഷിഭവന്‍ അധികൃതര്‍ ‘ഭീഷണി’ വിതരണം തുടങ്ങിയിട്ടുണ്ടെന്നു ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പുത്തിഗെ മണ്ഡലം പ്രസിഡന്റ് ഷുക്കൂര്‍ കണാജെ പരാതിപ്പെട്ടു.
മഴ കഴിയുമ്പോള്‍ കൃഷി ഇറക്കാന്‍ വിത്തും വളവും നിലം ഒരുക്കുന്നതിനുള്ള സഹായവും വേണ്ടതുണ്ട്. ഇത്തരത്തില്‍ എന്തെങ്കിലും സഹായവും കീടനാശിനികളുടെയും കാലവര്‍ഷം മൂലവും ഉണ്ടാവുന്ന മറ്റു രോഗങ്ങള്‍ക്കും കൃഷി നാശത്തിനും പ്രതിവിധികള്‍ ഉണ്ടോ എന്നും അറിയാന്‍ എത്തുന്ന കര്‍ഷകരെയാണ് കൃഷി പരിപാലനത്തിനു സര്‍ക്കാര്‍ കൂലികൊടുത്തിരുത്തിയിരിക്കുന്നവര്‍ വിരട്ടി വിടുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഈ ഏര്‍പ്പാട് ജീവനക്കാര്‍ മതിയാക്കുമെന്നു കരുതാനാവില്ലെന്നും എന്നാല്‍ അവര്‍ക്കു കൂലികൊടുക്കുന്ന സര്‍ക്കാരിന് അവരെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്നു ജനങ്ങള്‍ കരുതുന്നുണ്ടെന്നും അറിയിപ്പില്‍ അദ്ദേഹം പറഞ്ഞു. ഈ ഉത്തരവാദിത്വം സര്‍ക്കാര്‍ നിറവേറ്റിയില്ലെങ്കില്‍ ആ ചുമതല കര്‍ഷകര്‍ക്ക് ഏറ്റെടുക്കേണ്ടിവരുന്ന കാലം അനതി വിദൂരമല്ലെന്ന് ബന്ധപ്പെട്ടവരെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
