നീലേശ്വരം: 2020ല്‍ നീലേശ്വരം തട്ടാച്ചേരി ശ്രീ വടയന്തൂര്‍ കഴയം പെരുങ്കളിയാട്ടം കലാപരിപാടികള്‍ക്കിടയില്‍ പൊലീസിനെ അക്രമിക്കുകയും യൂണിഫോം വലിച്ചുകീറി നെയിംപ്ലേറ്റ് പൊട്ടിക്കുകയും ചെയ്ത കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്ന കരുവാച്ചേരിയിലെ ശരത്തി(13)നെ കോട്ടയത്തു നിന്നു കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടി.
കോടതി ഇയാളെ റിമാന്റ് ചെയ്തു. കളിയാട്ടം കലാപരിപാടിക്കിടെ തമ്മിലടിച്ച ആള്‍ക്കൂട്ടത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മാങ്ങാട്ട് പറമ്പ് ആംസ് പൊലീസ് ക്യാമ്പിലെ സിപിഒ രതീഷിനെ ഇയാള്‍ അക്രമിക്കുകയും യൂണിഫോം വലിച്ചുകീറി നെയിംപ്ലേറ്റ് പൊട്ടിക്കുകയും ചെയ്തത്. ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് കോടതിയില്‍ കേസിന് ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചത്. എന്നാല്‍ സംഭവത്തിനു ശേഷം നാടുവിട്ട ഇയാള്‍ കോട്ടയത്തു കേബിള്‍ ജോലി ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ അജിത്ത്, സുധീഷ്, സുഭാഷ് എന്നിവര്‍ കോട്ടയത്തെത്തി ഇയാളെ പിടികൂടിയത്.
