കോഴിക്കോട്: കരിപ്പൂരില്‍ ഒരു കിലോ എം ഡി എം എ പിടികൂടിയ കേസിലെ പ്രധാനപ്രതിക്കു പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കണ്ണൂര്‍ സ്വദേശിയും ഒമാനില്‍ ജോലി ചെയ്യുന്ന ആളുമായ നൗഫലിനുവേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
വിദേശത്തു നിന്നു കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട സ്വദേശിനി സൂര്യ, എം ഡി എം എ കൈപ്പറ്റാനെത്തിയ മലപ്പുറം തിരൂരങ്ങാടിയിലെ അലി അക്ബര്‍, മുഹമ്മദ് റാഫി, സി പി ഷഫീര്‍ എന്നിവരെ തൊണ്ടിയോടെയാണ് പിടികൂടിയത്. സൂര്യക്കു വിസിറ്റിംഗ് വിസയും പണവും നല്‍കി ഒമാനിലെത്തിച്ചത് നൗഫലാണെന്നു ഡാന്‍സാഫ് സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ ഫോണുകള്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്നു പിടികൂടിയത്. നൗഫലിനെ നാട്ടിലെത്തിക്കുന്നതിനു ഡാന്‍സാഫ് സംഘം ശക്തമായി നടപടികളാരംഭിച്ചിട്ടുണ്ട്.
