തിരുവനന്തപുരം: സ്വര്‍ണാഭരണ പ്രേമികളെ ആശങ്കയിലാക്കി വന്‍ കുതിപ്പില്‍ സ്വര്‍ണ വില. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടു. ഇന്ന് ഒറ്റയടിക്ക് 760 രൂപയാണ് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. ഇതോടെ സ്വര്‍ണവില മുക്കാല്‍ ലക്ഷം കഴിഞ്ഞു. വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75,040 രൂപയാണ്. 40 ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം 14 ാം തീയതി ആയിരുന്നു ഏറ്റവും ഉയര്‍ന്ന വില. അന്ന് ഗ്രാമിന് 9320 രൂപയും പവന് 74560 രൂപയുമായി ഇതിന് മുമ്പ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അതിനുശേഷം ഗ്രാമിന് വില ഒമ്പതിനായിരത്തില്‍ താഴോട്ടു പോകാതെ നില്‍ക്കുകയും പിന്നീട് തിരിച്ചു കയറുകയും ആണ് ചെയ്തത്. ഇന്ന് ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 81500 രൂപ നല്‍കേണ്ടിവരും.
ഏപ്രില്‍ 22 ന് അന്താരാഷ്ട്ര സ്വര്‍ണ്ണവില 3500 ഡോളര്‍ എന്ന റെക്കോര്‍ഡില്‍ എത്തിയപ്പോള്‍ രൂപയുടെ വിനിമയ നിരക്ക് 84.75 ലായിരുന്നതിനാല്‍ സ്വര്‍ണ്ണവില 9,310 രൂപയിലായിരുന്നു. യു.എസ് ഡോളര്‍ ദുര്‍ബലമായതും ട്രഷറി ബോണ്ട് യീല്‍ഡ് താഴ്ന്നതുമാണ് സ്വര്‍ണ വിലയ്ക്ക് ഊര്‍ജമായത്.
നിലവില്‍ 3,424 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ജൂണ്‍ 16 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്.
