കാസര്‍കോട്: ഈ റോഡില്‍ നിറയെ കുഴികളാണ്- ആളെ കൊല്ലും കുഴികള്‍. കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ തിരക്കേറിയ കറന്തക്കാട്- റയില്‍വേ സ്റ്റേഷന്‍ റോഡാണ് കുഴികളും ഗതാഗതക്കുരുക്കും കൊണ്ടു വീര്‍പ്പു മുട്ടുന്നത്. കുഴികളില്‍ വീണു വാഹനങ്ങള്‍ക്കു പതിവായി കേടുപാടു സംഭവിക്കുന്നു. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു യാത്രക്കാര്‍ക്കു പരിക്കേല്‍ക്കുന്നു. ഈ റോഡിലെ ബീച്ച് റോഡ് ജംഗ്ഷന്‍, കെ എസ് ആര്‍ ടി സി ക്കു മുന്‍വശം എന്നിവിടങ്ങളില്‍ ഗതാഗതകുരുക്ക് ദുസ്സഹമാണ്. മഴക്കു റോഡും കുഴിയും തിരിച്ചറിയാന്‍ കഴിയാതെ ചെറുവാഹനങ്ങള്‍ പതിവായി കുഴിയില്‍ച്ചാടുന്നു. ഗതാഗതയോഗ്യമല്ലാത്ത റോഡും റോഡിലെ വിട്ടുമാറാത്ത വാഹനത്തിരക്കും അത്യാവശ്യത്തിനു ട്രയിന്‍ യാത്രക്കു വാഹനങ്ങളില്‍ പുറപ്പെടുന്നവരെ പതിവായി നിരാശരാക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. ഇതേ റോഡിലെ ഗ്യാസ് ഏജന്‍സിയിലേക്കു പോകുന്ന വഴികളിലും വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു കുഴിയില്‍ വാഹനം വീഴാതിരിക്കാന്‍ പെട്ടെന്നു വെട്ടിച്ചു മാറ്റുന്നതിനിടയില്‍ പിന്നാലെ എത്തിയ വാഹനനിര അതീവ ജാഗ്രതയിലായിരുന്നതുകൊണ്ടു മാത്രം കഴിഞ്ഞ ദിവസം ജീവന്‍ രക്ഷിക്കാന്‍ കഴിയുകയായിരുന്നുവെന്നു പൊതു പ്രവര്‍ത്തകനായ മാഹിന്‍ കുന്നില്‍ ആശ്വാസം പ്രകടിപ്പിച്ചു. കുഴിയില്‍ വീണു ആളുകള്‍ മരിച്ചാല്‍ മാത്രമേ കുഴിയടക്കൂ എന്ന വാശി ബന്ധപ്പെട്ടവര്‍ ഉപേക്ഷിക്കണമെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
