കാസര്‍കോട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപ പരാമര്‍ശം നടത്തി രാഷ്ട്രീയ-വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചു എന്ന പരാതികളില്‍ ജില്ലയില്‍ പൊലീസ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സിപിഎം കുമ്പള ലോക്കല്‍ സെക്രട്ടറി യൂസഫ് നല്‍കിയ പരാതിയില്‍ കോയിപ്പാടി പെറുവാഡ്, കുട്യാളം ഹൗസിലെ അബ്ദുള്ള കുഞ്ഞിയുടെ പേരില്‍ കുമ്പള പൊലീസ് കേസെടുത്തു. പ്രതിയെ കണ്ടെത്തുന്നതിന് കുമ്പള എസ്.ഐ കെ. ശ്രീജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ദ്ധയും ഉണ്ടാക്കി ഇരുവിഭാഗം ജനങ്ങളെ പരസ്പരം സംഘര്‍ത്തിന് പ്രേരിപ്പിച്ചുവെന്ന് കേസില്‍ പറയുന്നു. ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി ശ്രീദാസന്‍ നല്‍കിയ പരാതിയില്‍ പള്ളിക്കര, തൊട്ടിയിലെ ഫൈസു എന്നയാള്‍ക്കെതിരെയ ബേക്കല്‍ പൊലീസ് കേസെടുത്തു. പ്രതി ഗള്‍ഫിലാണ്. വി.എസ് വര്‍ഗീയവാദിയാണ് എന്ന് ആക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റ് ഉണ്ടാക്കി വാട്ട്‌സ് ആപ്പില്‍ സ്റ്റാറ്റസ് വച്ചു എന്നാണ് കേസ്. മറ്റൊരു പരാതിയില്‍ നീലേശ്വരം തൈക്കടപ്പുറത്ത് പാലിച്ചോന്‍ റോഡ് സ്വദേശി റഷീദ് മൊയ്തീന്‍ എന്ന ആള്‍ക്കെതിരെ നീലേശ്വരം പൊലീസും സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തു. പട്ടേനയിലെ എ.വി.സുരേന്ദ്രന്‍ നല്‍കിയ പരാതി പ്രകാരമാണ് കേസ്. ബേക്കല്‍, നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതികള്‍ ഗള്‍ഫിലാണെന്നു പൊലീസ് പറഞ്ഞു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് രാഷ്ട്രീയ സംഘര്‍ഷത്തിന് ശ്രമിച്ചുവെന്നു നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷണത്തിലാണെന്നും ഏതെങ്കിലും തരത്തില്‍ വെറുപ്പ് ഉണ്ടാക്കി കലഹത്തിനും കലാപത്തിനും ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും പൊലീസ് മുന്നറിയിച്ചു.
