മഞ്ചേശ്വരം: ശക്തമായി തുടരുന്ന മഴ വ്യാപകമായി നാശം വിതക്കുന്നു. കൊടലമുഗര്‍ ഉര്‍മി തുപ്പെയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശവും നേരിട്ടു. തുപ്പെയിലെ ജനാര്‍ദ്ദന ഭട്ട്, സഹോദരി ശശികല എന്നിവരുടെ കൃഷിത്തോട്ടത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. കവുങ്ങും തെങ്ങും മണ്ണിടിച്ചിലില്‍ നശിച്ചതായി ജനാര്‍ദ്ദനഭട്ട് അറിയിച്ചു. വസ്തുവിലൂടെയുള്ള തോട്ടില്‍ മണ്ണു നിറഞ്ഞു. തോടിന്റെ ഒഴുക്കു തടസ്സപ്പെട്ടിരിക്കുകയാണ്.
ഷിറിയ, ഉപ്പള പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. മഞ്ചേശ്വരം മേഖലയില്‍ കടല്‍ക്ഷുഭിതമാണ്. കടലാക്രമണം തുടരുന്നു. ഉപ്പള ഹനുമാന്‍നഗര്‍, മണിമുണ്ട, അയില, കുതുക്കുളു, മുസോടി എന്നിവിടങ്ങളിലും കടലാക്രമണം തുടരുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പു കടലാക്രമണം ചെറുക്കാന്‍ നട്ടു വളര്‍ത്തിയ കാറ്റാടി മരങ്ങള്‍ കടപുഴകി വീണു.
പുഴകള്‍ കരകവിഞ്ഞു നില്‍ക്കുന്നതു അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്ന കൃഷിക്കും ഭീഷണി ഉയര്‍ത്തുന്നു.