ഒരിടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ‘ഹൃദയപൂര്‍വ്വം’. ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് പ്രമോഷന്‍ മെറ്റീരിയലുകളില്‍ നിന്നും വ്യക്തമാകുന്നത്. ഓണം റിലീസായാണ് ഹൃദയപൂര്‍വ്വം തിയറ്ററില്‍ എത്തുക. ഓഗസ്റ്റ് 28ന് ഹൃദയപൂര്‍വ്വം തിയറ്ററില്‍ എത്തും.
സിനിമയുടെ പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ഹൃദയപൂര്‍വ്വത്തിന്റെ ടീസര്‍ ശനിയാഴ്ച വരുമെന്നാണ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്. വൈകുന്നേരം അഞ്ച് മണിക്കാകും ടീസര്‍ റിലീസ് ചെയ്യുക. പുത്തന്‍ അപ്‌ഡേറ്റ് പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി. ഇത്തവണ ഓണം മോഹന്‍ലാലിന് ഒപ്പമെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്യുന്നത്. തുടരുമിന് ശേഷം സംഗീത് പ്രതാപും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പോസ്റ്ററിലേക്ക് നോക്കുമ്പോള്‍ ‘എന്തോന്നടേയ്’ എന്ന് മോഹന്‍ലാല്‍ ചോദിക്കുംപോലെ തോന്നുന്നു എന്നാണ് പലരുടെയും കമന്റ്. മോഹന്‍ലാലിന്റെ ഏറെ നാളായി കാണാന്‍ കൊതിക്കുന്ന രീതിയിലുള്ള കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് മറ്റ് അഭിപ്രായങ്ങള്‍. 2015 ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്.
