കാസര്‍കോട്: ചെര്‍ക്കളയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച 12.24 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം പിടികൂടി. പ്രതി ഉദ്യോഗസ്ഥരെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടിപ്പോയി. ചെങ്കള മാര്‍ത്തോമ റോഡ് സ്വദേശി തോട്ടത്തില്‍ പിഎ ഹാരീസിനെതിരെ എക്‌സൈസ് കേസെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെവി രഞ്ജിത്തും സംഘവുമാണ് വെള്ളിയാഴ്ച രാത്രി എട്ടരയോടെ ചെര്‍ക്കളയില്‍ പരിശോധനക്കെത്തിയത്. ചെര്‍ക്കള ദേശീയപാതയില്‍ കാഞ്ഞങ്ങാട് ഭാഗത്തേയ്ക്ക് പോകുന്ന പാതയില്‍ വച്ചാണ് സ്‌കൂട്ടര്‍ തടഞ്ഞത്. വാഹനം നിര്‍ത്തി പരിശോധിക്കുന്നതിനിടെ പ്രതി രക്ഷപ്പെടുകയായിരുന്നു. തൊണ്ടിമുതലും കേസ് രേഖകളും സാമ്പിള്‍ കുപ്പിയും റേഞ്ച് ഓഫീസിലെത്തിച്ചു. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എവി പ്രശാന്ത് കുമാര്‍, വിടി ഷംസുദ്ദീന്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
