തിരുവനന്തപുരം: കലാഭവന്‍ മണിയുടെ സഹോദരനും കലാമണ്ഡലം നര്‍ത്തകനുമായ ആര്‍ എല്‍ വി രാമകൃഷ്ണന്‍, കലാമണ്ഡലത്തിന്റെ തന്നെ മറ്റൊരു നര്‍ത്തകനായ യു ഉല്ലാസ് എന്നിവര്‍ക്കെതിരെ നൃത്താധ്യാപിക സത്യഭാമ നല്‍കിയ അപകീര്‍ത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസിന്റെ തുടര്‍ നടപടികളാണ് കോടതി റദ്ദാക്കിയത്. 2013ല്‍ അബുദാബി മലയാളി അസോസിയേഷന്‍ നടത്തിയ നൃത്ത മത്സരത്തില്‍ വിധികര്‍ത്താവായിരുന്നു സത്യഭാമ. ഈ മത്സരത്തില്‍ രാമകൃഷ്ണനും ഉല്ലാസും പരിശീലിപ്പിച്ച നര്‍ത്തകര്‍ പരാജയപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് ഇവര്‍ സത്യഭാമയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പരാജിതരുടെ മുദ്രകള്‍ തെറ്റായിരുന്നെന്നും നൃത്താധ്യാപകര്‍ക്കു പോലും പിശകു പറ്റാറുണ്ടെന്നുമായിരുന്നു മറുപടിയത്രെ. ഇതിനെ നൃത്ത ഗുരുക്കള്‍ക്കെതിരെയുള്ള പരാമര്‍ശമായി പരാതിക്കാര്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു സത്യഭാമയുടെ പരാതി.
