കൊച്ചി: ദമ്പതികളെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ശേഷം അയല്‍വാസിയായ യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചി വടുതലയിലാണ് സംഭവം. പച്ചാളം സ്വദേശി വില്യം ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പൊളളലേറ്റ ദമ്പതികളെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അയല്‍വാസികളായ ഇരുവരും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം. വെള്ളിയാഴ്ച രാത്രി ക്രിസ്റ്റഫറിന്റെയും മേരിയുടെ വീട്ടിലെത്തിയ വില്യം ഇരുവരോടും സംസാരിക്കുന്നതിനിടെ കൈയില്‍ കരുതിയ പെട്രോള്‍ അവരുടെ ദേഹത്തേക്ക് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. ഇരുവരുടെയും പരിക്ക് ഗുരുതരമാണ്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചത്.തീ കൊളുത്തിയ ശേഷം യുവാവ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വില്യമിനായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ യുവാവിനെ കണ്ടെത്തിയത്. പൊലീസ് ഉള്‍പ്പടെ സ്ഥലത്തെത്തി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. വില്യമിന്റെ വീട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തു. ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് മരിച്ച യുവാവെന്നാണ് നാട്ടുകാർ പറയുന്നത്. ദമ്പതികളുടെ വീടിന് തൊട്ടടുത്താണ് വില്യം താമസിക്കുന്നത്. ഇയാൾ വീട്ടിൽ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്.ഇരു കൂട്ടരും തമ്മിൽ കുടുംബപ്രശ്നങ്ങളുണ്ടെന്നും ഇതാണ് അക്രമത്തിന് കാരണമായതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
