കണ്ണൂര്‍: സിന്തറ്റിക് മയക്കുമരുന്നുകള്‍ എത്തിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്ന യുവാവിനെ കണ്ണൂര്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സംഘം പിടികൂടി. കണ്ണൂര്‍ രണ്ടിലെ മന്യത്ത് ഹൗസില്‍ വിപീഷിനെയാണ് (35) സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് 24 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ പി.പി.സുഹൈലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കക്കാട് ഒണ്ടേന്‍ പറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ന്യൂജന്‍ സിന്തറ്റിക് ഡ്രഗ്സ് ഉള്‍പ്പെടെ പിടികൂടിയത്. കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ സഹായവും എക്സൈസ് തേടിയിരുന്നു. ഏറെ നാളായി ഇയാള്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന വിപീഷ് നാട്ടില്‍ തിരിച്ചെത്തി ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് ചെറുപാക്കറ്റുകളാക്കി വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു. നിരവധിപേര്‍ യുവാവില്‍ നിന്ന് ലഹരി വസ്തുക്കള്‍ വാങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചെറുകിട വില്‍പ്പന നടത്തുന്നതായും ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്റ് ചെയ്തു. തുടര്‍ നടപടികള്‍ വടകര എന്‍.ഡി.പി.എസ് കോടതിയില്‍ നടക്കും.
