കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിലെ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ഇന്നും പരിശോധന നടത്തും. മിഥുന്റെ മരണത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് പഠിപ്പു മുടക്കും. സ്കൂളിലേക്ക് ഇന്ന് വിവിധ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തും. മരിച്ച എട്ടാംക്ലാസുകാരൻ മിഥുന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശാസ്താംകോട്ട തലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിദേശത്തുള്ള അമ്മയെ മിഥുന്റെ മരണവിവരം അറിയിച്ചു. ശനിയാഴ്ച സംസ്കാര ചടങ്ങുകൾ നടക്കും. അതിനിടെ അപകടകരമായ നിലയില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ കടന്നുപോയ വൈദ്യുതിലൈന്‍ രാത്രി വൈകി വിഛേദിച്ചു. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു ദാരുണ സംഭവം. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മിഥുന് ഷോക്കേറ്റത്. കാല്‍ തെന്നിയ മിഥുന്‍ താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചപ്പോഴാണ് അപകടം.
