തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലിന്ന് ഓറഞ്ച് അലേർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്. കാസർകോട് ജില്ലയിൽ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണെന്ന് കളക്ടർ അറിയിച്ചു. അതേസമയം നേരത്തെ പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും മാറ്റമില്ലാതെ നടക്കും.കണ്ണൂർ ജില്ലയിലെ സ്‌കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾക്കടക്കം അവധി ബാധകമാണെന്ന് ജില്ലാകളക്ടർ അറിയിച്ചു. വയനാട് ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾക്കും, മതപഠന സ്ഥാപനങ്ങൾക്കും, അംഗൻവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് 773.00 മീറ്റർ ആണ്. 773.50 മീറ്റർ ആയി ജലനിരപ്പ് ഉയർന്നാൽ അധിക ജലം ഒഴുക്കി വിടും.
