കാസര്‍കോട്: സ്‌കൂളില്‍ പോകുന്നതിനിടയില്‍ 17 കാരിയെ കെട്ടിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പെണ്‍കുട്ടി നല്‍കിയ വിവരത്തെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനിടയില്‍ പ്രതിയെ കയ്യോടെ പിടികൂടി പൊലീസിനു കൈമാറി. കർണ്ണാടക, ഗദഗ്, ഹളേഹുസൂര്‍ സ്വദേശി ഹാലപ്പ സുബ്ബണ്ണ ഇറകാല്‍ (36) ആണ് പിടിയിലായത്. ഇയാളെ മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു.
ബുധനാഴ്ച രാവിലെ എട്ടരമണിയോടെ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളില്‍ പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടയില്‍ സ്ഥലത്തെത്തിയ ഹാലപ്പ പെണ്‍കുട്ടിയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നു പറയുന്നു. പെണ്‍കുട്ടി നിലവിളിച്ചു കൊണ്ടു സ്ഥലത്തു നിന്നു ഓടി രക്ഷപ്പെട്ട് വീട്ടിലെത്തി വിവരം പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് ഹാലപ്പയെ പിടികൂടി പൊലീസിനു കൈമാറിയത്.
അറസ്റ്റിലായ ഹാലപ്പ ജോലി തേടിയാണ് എത്തിയതെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കതിരെ സമാന രീതിയിലുള്ള കേസ് കര്‍ണ്ണാടകയില്‍ ഉണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്നു കൂട്ടിച്ചേര്‍ത്തു.
