ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം; കേരളം കൈകൂപ്പി കാത്തിരുന്ന ദിനങ്ങൾ, മരിച്ചത് അർജുൻ ഉൾപ്പെടെ 11 പേർ, 2 പേർ ഇപ്പോഴും കാണാമറയത്ത്

കോഴിക്കോട്: കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം. 2024 ജൂലൈ 16നായിരുന്നു കനത്ത മഴയിൽ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. 72 ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിനൊടുവിലാണ് അർജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് കണ്ടെടുത്തത്. അപകടത്തിൽ പെട്ട രണ്ടുപേരുടെ മൃതദേഹങ്ങൾ പുഴയുടെ ആഴങ്ങളിൽ തന്നെ അവശേഷിക്കുന്നു. ഷിരൂരിൽ അന്നുണ്ടായ വൻ മണ്ണിടിച്ചിൽ വലിയ ദുരന്തമാണ് വിതച്ചത്. അർജുന്റെ തിരോധാനം സംഭവത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചിരുന്നു. കർണാടക ഷിരൂരിലെ ദേശീയപാത 66-ൽ ജൂലൈ പതിനാറിന് രാവിലെ എട്ടേ കാലോടെയാണ് ദുരന്തമുണ്ടായത്. മണ്ണും പാറയും ചെളിയും ദേശീയപാതയിലേക്ക് ഇരച്ചെത്തി. ഒരു ചായക്കടയും സമീപത്തെ വീടുകളും തകർന്നു. മലയാളി ഡ്രൈവറായ അർജുൻ ഉൾപ്പെടെ നിരവധി പേരെ കാണാതായ വിവരത്തെ തുടർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും മഴ തടസ്സമായി.മൂന്നു ഘട്ടങ്ങളായിട്ടായിരുന്നു തിരച്ചിൽ. കാർവാർ എം എൽ എ സതീഷ് കൃഷ്ണ സെയിൽ സജീവമായി രംഗത്ത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ദുരന്തസ്ഥലം സന്ദർശിക്കുകയും രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. എൻ ഡി ആർ എഫും നാവികസേനയുടെ മുങ്ങൽ വിദഗ്ധരും തിരഞ്ഞിട്ടും ശ്രമങ്ങൾ വിഫലമാവുകയായിരുന്നു. ജൂലൈ 20-ന് പുഴയിൽ സോണാർ, റഡാർ പരിശോധനകൾ നടത്തി. ജൂലൈ 25ന് തിരച്ചിലിന് മലയാളി മേജർ ജനറൽ എം ഇന്ദ്രബാലനും സംഘവും എത്തി. ജൂലൈ 26 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദുരന്തസ്ഥലം സന്ദർശിച്ചു. 27ന് സന്നദ്ധപ്രവർത്തകൻ ഈശ്വർ മാൽപെയും സംഘവും തിരച്ചിലിന് എത്തുന്നു.പല വാഹനങ്ങളുടേയും ഹൈഡ്രോളിക് ജാക്കിയും മറ്റു ഭാഗങ്ങളും കിട്ടിയെങ്കിലും അർജുന്റെ ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാനായില്ല. തിരച്ചിലിന്റെ രണ്ടാംഘട്ടം ഓഗസ്റ്റ് 13-നാണ് ആരംഭിച്ചത്. ഓഗസ്റ്റ് 14 ന് നാവികസേന ലോറിയിലുണ്ടായിരുന്ന വടം കണ്ടെത്തി. സെപ്തംബർ 20ന് ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ ആരംഭിച്ചു. സെപ്തംബർ 21ന് മറ്റൊരു ലോറിയുടെ സ്റ്റിയറിങ്, ക്ലച്ച്, ടയർ ഭാഗങ്ങൾ കണ്ടെത്തി. സെപ്തംബർ 22ന് അധികൃതരുമായുള്ള തർക്കത്തെ തുടർന്ന് ഈശ്വർ മാൽപെ തിരച്ചിൽ നിർത്തി. സെപ്തംബർ 23ന് ഇന്ദ്രബാലന്റെ നേതൃത്വത്തിൽ വീണ്ടും തിരച്ചിൽ തുടങ്ങി. ഒടുവിൽ 72 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ സെപ്തംബർ 25ന് ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ പുഴയിൽ ലോറി കണ്ടെത്തി. കാബിനിൽ അർജുന്റെ മൃതദേഹഭാഗങ്ങളും. സെപ്റ്റംബർ 28ന് വീട്ടുവളപ്പിൽ എരിഞ്ഞടങ്ങിയപ്പോൾ അനേകായിരങ്ങളാണ് വിടനൽകാൻ ഒഴുകിയെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page