മലപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് ജീവനൊടുക്കിയതിനു കാരണം ജനറൽ മാനേജറുടെ മാനസികപീഡനമെന്ന് പരാതി. ആശുപത്രി ജനറൽ മാനേജർക്കെതിരെ സഹപ്രവർത്തകർ നൽകിയ പരാതിയിൽ കുറ്റപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ചയാണ് കോതമംഗലം സ്വദേശി അമീന(20) അമിത അളവിൽ മരുന്നുകൾ കഴിച്ച് ജീവനൊടുക്കിയത്.
ജനറൽ മാനേജർ അബ്ദുൽ റഹ്മാൻ അമീനയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും ഇയാളുടെ സമ്മർദ്ദം സഹിക്കാൻ കഴിയാതെയാണ് ആത്മഹത്യ ചെയ്തതെന്നും സഹപ്രവർത്തകർ പറയുന്നു. ആശുപത്രിയിലെ ജോലി രാജിവച്ച് വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു അമീന. എന്നാൽ 3 വർഷം ആശുപത്രിയിൽ ജോലി ചെയ്തതിന്റെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്ന് അബ്ദുൽ റഹ്മാൻ പറഞ്ഞത് അമീനയെ മാനസികമായി തകർത്തു. പിന്നാലെയാണ് ബോധരഹിതയായി കണ്ടെത്തിയത്.
ഇയാളുടെ മാനസിക പീഡനം സഹിക്കാൻ കഴിയാതെ സ്ഥാപനത്തിൽ നിന്ന് നഴ്സുമാർ ഉൾപ്പെടെ ജീവനക്കാർ ജോലി രാജിവച്ചിട്ടുണ്ട്. നിലവിൽ ജോലി ചെയ്യുന്നവരും കടുത്ത സമ്മർദത്തിലാണെന്നും ജീവനക്കാർ ആരോപിക്കുന്നു. പത്തോളം ജീവനക്കാരാണ് അബ്ദുൽ റഹ്മാനും ആശുപത്രി മാനേജ്മെന്റിനും എതിരെ കുറ്റിപ്പുറം പൊലീസിൽ പരാതി നൽകിയിട്ടുള്ളത്.
അമീനയുടെ മരണത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതോടെ ആരോപണ വിധേയനായ അബ്ദുൽ റഹ്മാൻ ഒളിവിൽ പോയെന്നാണ് വിവരം. കുടുംബം ആരോപണം ഉന്നയിച്ചതിനു പിന്നാലെ ഇയാളെ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു.
