ഇടുക്കി: വിദ്വേഷ പ്രസംഗം നടത്തിയതിനു ബിജെപി നേതാവും മുൻ എംഎൽഎയുമായ പി.സി. ജോർജിനെതിരെ കേസെടുക്കാൻ കോടതി നിർദേശം. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് പൊലീസിനു നിർദേശം നൽകിയത്. ജൂൺ 25ന് അടിയന്തരാവസ്ഥയുടെ 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എച്ച്ആർഡിഎസ് തൊടുപുഴയിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ജോർജ് വിദ്വേഷ പ്രസംഗം നടത്തിയത്. മുസ്ലിം സമുദായത്തിനും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനും എതിരായി ജോർജ് സംസാരിച്ചിരുന്നു. പരാമർശങ്ങൾക്കെതിരെ യൂത്ത് ലീഗും യൂത്ത് കോൺഗ്രസും പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസെടുക്കാൻ പൊലീസ് തയാറാകാത്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് അനീഷ് സുകുമാർ കോടതിയെ സമീപിക്കുകയായിരുന്നു.2022ൽ പാലാരിവട്ടത്തും കഴിഞ്ഞ ജനുവരിയിൽ ഈരാറ്റുപേട്ടയിലും മതവിദ്വേഷ പ്രസംഗം നടത്തിയതിനു ജോർജിനെതിരെ കേസുകൾ നിലവിലുണ്ട്.
