ബെംഗളൂരു: കോളജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച 2 അധ്യാപകർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. മൂഡബിദ്രിയിലെ സ്വകാര്യ കോളജിലെ ഫിസിക്സ് അധ്യാപകൻ നരേന്ദ്ര, ബയോളജി അധ്യാപകൻ സന്ദീപ് ഇവരുടെ സുഹൃത്തായ അനൂപ് എന്നിവരാണ് അറസ്റ്റിലായത്. ഇതേ കോളജിലെ വിദ്യാർഥിനിയെയാണ് മൂവരും ചേർന്ന് ബെംഗളൂരുവിലെ മാറത്തഹള്ളിയിലെത്തിച്ച് ബലാത്സംഗം ചെയ്തത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ വനിത കമ്മീഷൻ പൊലീസിനോടു നിർദേശിക്കുകയായിരുന്നു.
പഠനസഹായിയും നോട്ടുകളും നൽകി നരേന്ദ്ര വിദ്യാർഥിനിയുമായി സൗഹൃദത്തിലായി. തുടർന്ന് ബെംഗളൂരു മാറത്തഹള്ളിയിലെ അനൂപിന്റെ വീട്ടിലേക്കു വിളിച്ചു വരുത്തി. ഇവിടെ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയും ഫോട്ടോകളും വിഡിയോകളും പകർത്തുകയും ചെയ്തു. ദിവസങ്ങൾക്കു ശേഷം മറ്റൊരു അധ്യാപകനായ സന്ദീപ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ നരേന്ദ്രയുമൊത്തുള്ള ഫോട്ടോകളും വിഡിയോകളും തന്റെ പക്കലുണ്ടെന്നും പ്രചരിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി ഇയാളും പെൺകുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് അനൂപ് പെൺകുട്ടിയെ ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടർന്ന് ഇയാളും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ഇതോടെ മാനസികമായി തകർന്ന പെൺകുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടർന്ന് വനിതാ കമ്മിഷനെ സമീപിക്കുകയായിരുന്നു.
