മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജ് കെട്ടിടത്തിലെ ജനൽ കാറ്റത്ത് അടർന്നുവീണ് 2 നഴ്സിങ് വിദ്യാർഥികൾക്ക് പരുക്കേറ്റു. ഒന്നാം വർഷ ബിഎസ്സി നഴ്സിങ് വിദ്യാർഥികളായ ബി. ആദിത്യ, പി.ടി. നയന എന്നിവർക്കാണ് പരുക്കേറ്റത്.നഴ്സിങ് കോളജ് താൽക്കാലികമായി പ്രവർത്തിച്ചു വന്നിരുന്ന മെഡിക്കൽ കോളജിന്റെ ഓൾഡ് ബ്ലോക്കിലാണ് സംഭവം. കാറ്റിൽ ഇരുമ്പ് പാളി തകർന്ന് വിദ്യാർഥികളുടെ മുകളിലേക്കു പതിക്കുകയായിരുന്നു. വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ജില്ലാ കലക്ടർ റിപ്പോർട്ട് തേടി. മഞ്ചേരി ജനറൽ ആശുപത്രി 2013ലാണ് മെഡിക്കൽ കോളജായത്. അന്നു മുതലുള്ള കെട്ടിടമാണിത്. സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി.
